മിനിറ്റിൽ ചെലവ് 55 ലക്ഷം; ട്രംപ് തങ്ങുക മൂന്നരമണിക്കൂർ; 100 കോടി കവിഞ്ഞ് ഒരുക്കം

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇന്ത്യാ സന്ദർശനത്തിനോട് അനുബന്ധിച്ച് വലിയ ഒരുക്കങ്ങളാണ് രാജ്യത്ത് നടക്കുന്നത്. ചേരികൾ മറച്ചുള്ള മതിൽ നിർമാണം ഇതിനോടകം വിവാദമായിരുന്നു. ഗുജറാത്തിൽ വലിയ ഒരുക്കങ്ങളും മോഡിപ്പിടിപ്പിക്കലുമാണ് ട്രംപിന്റെ വരവിനോട് അനുബന്ധിച്ച് നടക്കുന്നത്. മൂന്നരമണിക്കൂർ മാത്രം ഗുജറാത്തിലുണ്ടാകുന്ന ട്രംപിന് വേണ്ടി നൂറുകോടിയിലധികം രൂപയാണ് ചെലവഴിക്കുന്നത്. മിനിറ്റിൽ 55 ലക്ഷം രൂപയോളം ചെലവഴിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ. 

റോഡുകളുടെ നിർമാണത്തിനും നവീകരണത്തിനുമായി 80 കോടിയും സുരക്ഷയ്ക്ക് 12 കോടിയും ചെലവഴിക്കും. സ്റ്റേഡിയത്തിലെത്തുന്ന ഒരു ലക്ഷത്തിലധികം പേരുടെ ചെലവിനായി ഏഴുകോടി, സൗന്ദര്യവത്കരണത്തിന് ആറുകോടി, സാംസ്കാരിക പരിപാടികൾക്ക് നാലുകോടി എന്നിങ്ങനെയാണ് ചെലവിന്റെ മറ്റു കണക്കുകൾ.

ഡോണൾഡ് ട്രംപ് 24നാണ് ഇന്ത്യയിലെത്തുന്നത്. അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്നു സബർമതി ആശ്രമം വരെ 10 കിലോമീറ്റർ റോഡ് ഷോയിൽ മോദിയും ട്രംപും പങ്കെടുക്കും. കഴിഞ്ഞ വർഷം അമേരിക്കയിലെ ടെക്സസിലുള്ള ഹൂസ്റ്റണിൽ നടന്ന ‘ഹൗഡി മോദി’ മാതൃകയിൽ ‘കെം ഛോ ട്രംപ്’ (ഹൗഡി/ ഹലോ ട്രംപ്) പരിപാടിയും ഒരുക്കും. മോടേരയിൽ പുതുതായി പണിത സർദാർ വല്ലഭ്ഭായ് പട്ടേൽ സ്റ്റേഡിയം ഇരു നേതാക്കളും ചേർന്ന് ഉദ്ഘാടനം ചെയ്ത ശേഷം അവിടെത്തന്നെയാണ്  ‘കെം ഛോ ട്രംപ്’ പരിപാടി നടത്തുക. 

ഒരുലക്ഷത്തിലേറെപ്പേർ പങ്കെടുക്കുമെന്നു കരുതുന്നത്. ഓസ്ട്രേലിയയിലെ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിനേക്കാൾ വലുപ്പമുളളതും 1.10 ലക്ഷം പേർക്ക് ഇരിപ്പി‍ട സൗകര്യമുള്ളതുമാണ് സർദാർ വല്ലഭ്ഭായ് പട്ടേൽ സ്റ്റേഡിയമെന്ന് അധികൃതർ പറഞ്ഞു. 24നും 25നുമായി ഡൽഹിയും അഹമ്മദാബാദുമാണു ഡോണൾഡ് ട്രംപും ഭാര്യ മെലനിയയും സന്ദർശിക്കുന്നത്. യുഎസ് പ്രസിഡന്റിന്റെ സന്ദർശനം പ്രമാണിച്ച് ഗുജറാത്ത് സംസ്ഥാന ബജറ്റ് 26ലേക്കു മാറ്റിയിട്ടുണ്ട്.‌