അച്ഛൻ ബിജെപിക്ക് വോട്ടുചെയ്യും; മുറിയിൽ പൂട്ടിയിട്ട് മകൻ; റിപ്പോർട്ട്

അച്ഛൻ ബിജെപിക്ക് വോട്ടുചെയ്യാതിരിക്കാൻ മുറിയിൽ പൂട്ടിയിട്ട് മകൻ. ഡൽഹി തിരഞ്ഞെടുപ്പിനിടെയാണ് സംഭവം. ഇന്ത്യ ടൈംസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഡൽഹിയിലെ മുനിര്‍കയിലാണ് ബിജെപിക്ക് വോട്ട് ചെയ്യാതിരിക്കാന്‍ അച്ഛനെ 20 വയസുള്ള മകന്‍ പൂട്ടിയിട്ടത്. അച്ഛൻ ബിജെപിക്ക് വോട്ടുചെയ്യുമെന്ന് മനസിലാക്കിയ മകൻ മുൻപ് തന്റെ സുഹൃത്ത് ചെയ്ത പോലെ അനുകരിക്കുകയായിരുന്നു. ഡൽഹിയിലെ പാലം ഏരിയയിലുള്ള ഇയാളുടെ സുഹൃത്തും വോട്ടുചെയ്യാതിരിക്കാൻ അയാളുടെ അച്ഛനെ പൂട്ടിയിട്ടിരുന്നു.

അതേസമയം ഡ‍ൽഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ അന്തിമ പോളിങ് ശതമാനം പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മിഷൻ. ശനിയാഴ്ച വൈകിട്ട് 6 മണിവരെ നടന്ന വോട്ടെടുപ്പിൽ 62.59 പേർ വോട്ട് രേഖപ്പെടുത്തിയതായി ഡൽഹി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ രൺബീർ സിങ് അറിയിച്ചു. 2015 നിയമസഭാ തിരഞ്ഞെടുപ്പിൽ 67.12 ആയിരുന്നു പോളിങ് ശതമാനം. ബല്ലിമാരൻ മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ പേർ വോട്ടു ചെയ്തത്. 71.6 ശതമാനം. ഡൽഹി കാന്റിലാണ് കുറവ് പോളിങ് ശതമാനം– 45.4%.

തിരഞ്ഞെടുപ്പ് കഴിഞ്ഞ 24 മണിക്കൂറുകൾക്കു ശേഷവും അന്തിമ പോളിങ് ശതമാനം പുറത്തുവിടാത്തതിനെതിരെ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ ഉൾപ്പെടയുള്ളവർ രംഗത്തെത്തിയിരുന്നു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി ഞെട്ടലുണ്ടാക്കുന്നുവെന്ന് കേജ്‌രിവാൾ ട്വീറ്റ് ചെയ്തു. തിരഞ്ഞെടുപ്പ് അവസാനിച്ച് രാത്രി വൈകി അന്തിമ പോളിങ് ശതമാനം തിരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തു വിടാറുണ്ട്. 61.46 ശതമാനമായിരുന്നു കമ്മിഷൻ ശനിയാഴ്ച രാത്രി പുറത്തുവിട്ട പോളിങ് ശതമാനം.

പോളിങ് കുറഞ്ഞതിൽ ആശങ്കപ്പെട്ടിരുന്ന ആം ആദ്മി പാർട്ടി എക്സിറ്റ് പോൾ ഫലങ്ങളെ തുടർന്ന് ആത്മവിശ്വാസത്തിലാണ്. സർക്കാരിന്റെ ജനോപകാര നടപടികൾ വോട്ടായി മാറിയെന്നാണ് വിലയിരുത്തൽ. എന്നാൽ എക്സിറ്റ് പോൾ ഫലത്തിനായി ശേഖരിച്ച ഡേറ്റയിൽ പിഴവുണ്ടെന്നാണ് ബിജെപി വാദം. നാല് മണിക്ക് ശേഷമാണ് പ്രവർത്തകർ കൂട്ടത്തോടെ വോട്ടു ചെയ്തതെന്ന് ബിജെപി എംപി മീനാക്ഷി ലേഖി പറഞ്ഞു.