'രേഖകളെല്ലാം സൂക്ഷിച്ചോളൂ'; എന്‍പിആറിന് ഉപകരിക്കും'; ബിജെപിയുടെ ഭീഷണി; വിവാദം

ഡ‍ൽഹി നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടര്‍മാർക്ക് മുന്നറിയിപ്പ് നൽകി ബിജെപി. മു‍സ്‌ലിം സ്ത്രീകൾ വോട്ട് ചെയ്യുന്നതിനായി വരി നിൽക്കുന്ന ചിത്രത്തിനൊപ്പമാണ് കർണാടക ബിജെപിയുടെ ഔദ്യോഗിക ട്വിറ്റർ പേജിൽ ട്വീറ്റ്. 

'രേഖകളെല്ലാം സുരക്ഷിതമായി സൂക്ഷിച്ചോളൂ, ദേശീയ ജനസംഖ്യ പട്ടികക്ക് ഉപകാരപ്പെടും' - എന്നായിരുന്നു ബിജെപിയുടെ ട്വീറ്റ്. എന്‍പിആറിനെ സംബന്ധിച്ച് ആശങ്കവേണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോഴാണ് ഭീഷണിപ്പെടുത്തുന്ന തരത്തില്‍ ബിജെപി സംസ്ഥാന ഘടകത്തിന്‍റെ ട്വീറ്റ് എന്നതും ശ്രദ്ധേയം. ഔദ്യോഗിക പേജിലെ ട്വീറ്റ് ഇതിനകം തന്നെ രാഷ്ട്രീയ വിവാദമായിക്കഴിഞ്ഞു. 

സാധാരണ നടപടിക്രമം മാത്രമാണ് എൻപിആർ എന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യസഭയിൽ പറഞ്ഞത്. എൻപിആറിന് ഒരു രേഖയും ശേഖരിക്കില്ലെന്നാണ് കേന്ദ്രമന്ത്രി നിത്യാനന്ദ റായും വ്യക്തമാക്കിയിരുന്നു. 

അതേസമയം എൻപിആറുമായി സഹകരിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. ബംഗാളും എൻപിആറുമായി സഹകരിക്കില്ല, 2020 ഏപ്രില്‍ ഒന്നിന് സെന്‍സസ് പ്രക്രിയ ആരംഭിക്കും.