‘ഒബിസിക്കാരന്റെ വീട്ടിൽ ഭക്ഷണം കഴിച്ച് അമിത് ഷാ’; ബിജെപി പ്രചാരണം ആയുധമാക്കി പ്രതിപക്ഷം

ഡൽഹിയിൽ തിരഞ്ഞെടുപ്പ് പ്രചാരണം ശക്തമായി മുന്നേറുകയാണ്. അരവിന്ദ് കെ‍ജ്​രിവാളിനെ എങ്ങനെയും തോൽപ്പിച്ച് അധികാരത്തിലേറണം എന്ന ലക്ഷ്യം മുൻനിർത്തിയാണ് ബിജെപി പ്രചാരണം. കോൺഗ്രസും ഡൽഹി പിടിക്കാൻ രംഗത്തുണ്ട്. ദേശീയ നേതാക്കളുടെ നേതൃത്വത്തിലാണ് ബിജെപിയും കോൺഗ്രസും സജീവമാകുന്നത്. ഇതിനിടയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രചാരണത്തിനിടയിൽ നടന്ന സംഭവം സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. 

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിജെപി പ്രവർത്തകന്റെ വീട്ടിലെത്തി ഭക്ഷണം കഴിക്കുന്ന അമിത് ഷായുടെ ദൃശ്യങ്ങൾ പാർട്ടി പ്രവർത്തകർ പങ്കുവയ്ക്കുമ്പോൾ വിമർശനങ്ങളുമായി പ്രതിപക്ഷം രംഗത്തുണ്ട്. ഡല്‍ഹിയിലെ യമുന വിഹാറിലുള്ള മനോജ് കുമാര്‍ എന്നയാളുടെ വീട്ടിലാണ് അമിത് ഷാ എത്തിയത്. മനോജ് തിവാരിയും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. പിന്നാക്ക വിഭാഗക്കാരനായ പ്രവർത്തകന്റെ വീട്ടിലെത്തി ഭക്ഷണം കഴിക്കുന്ന അമിത് ഷാ എന്ന തരത്തിലാണ് ബിജെപിക്കാർ ഇൗ വാർത്ത പ്രചരിപ്പിച്ചത്. ഇതിനെതിരെയാണ് പ്രതിഷേധവും പ്രതിപക്ഷവും ആം ആദ്മി പാര്‍ട്ടിയും ഉയര്‍ത്തുന്നത്.

ഇതിനാെപ്പം അമിത് ഷാ ഭക്ഷണം കഴിക്കുന്ന പാത്രവും വെള്ളം കുടിക്കാൻ വച്ചിരിക്കുന്ന ഗ്ലാസും പുതിയതാണെന്ന വാദവും ശക്തമാവുകയാണ്. വെള്ളം നല്‍കിയ ഗ്ലാസുകളിലെ സ്റ്റിക്കർ ചൂണ്ടിക്കാട്ടിയാണ് സമൂഹമാധ്യമങ്ങളിലും വിമർശനം ഉയരുന്നത്.