പ്രതികളോട് ക്ഷമിച്ചൂടെ? സോണിയാ ഗാന്ധിയെ പോലെ; നിർഭയയുടെ അമ്മയോട് ഇന്ദിര ജയ്സിങ്

നിർഭയ കേസിലെ പ്രതികളോട് ക്ഷമിക്കണമെന്ന് അമ്മ ആശാദേവിയോട് സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷക ഇന്ദിരാ ജയ്​സിങ്. ഭർത്താവ് രാജീവ് ഗാന്ധിയുടെ ഘാതകയായ നളിനിക്ക് സോണിയ മാപ്പ് നൽകിയതു പോലെ ഈ വധശിക്ഷയും ഒഴിവാക്കിക്കൂടേ എന്നായിരുന്നു ട്വിറ്ററിലൂടെ അവർ ആവശ്യപ്പെട്ടത്. ആശാദേവിയുടെ വേദന അതിന്റെ എല്ലാ തലത്തിലും മനസിലാക്കുന്നു. അവർക്കൊപ്പമാണ്. പക്ഷേ വധശിക്ഷയ്ക്ക് എതിരാണ് താനെന്നും അവർ ട്വീറ്റിൽ കുറിച്ചു.

എന്നാൽ ഇന്ദിരാ ജയ്സിങിന്റെ വാക്കുകളോട് പൊട്ടിത്തെറിച്ചാണ് ആശാദേവി പ്രതികരിച്ചത്. ഇക്കാര്യത്തിൽ ഉപദേശിക്കാൻ വരാൻ ഇന്ദിരാ ജയ്സിങ് ആരാണ്? രാജ്യം മുഴുവൻ ഉറ്റുനോക്കുന്നത് കുറ്റക്കാരെ തൂക്കിലേറ്റുന്നതിനായാണ്. ഇന്ദിരാ ജയ്സിങിനെ പോലുള്ളവർ കാരണമാണ് ബലാത്സംഗക്കേസിലെ ഇരകൾക്ക് നീതി നിഷേധിക്കപ്പെടുന്നതെന്നും അവർ തുറന്നടിച്ചു.

തൂക്കുമരം മാത്രമാണ് പ്രതികൾ അർഹിക്കുന്നതെന്നും തൂക്കിലേറ്റിയാൽ മാത്രമേ തനിക്ക് സമാധാനം ഉണ്ടാവൂവെന്നും അവർ പറഞ്ഞു.

2012 ഡിസംബർ 16 നാണ് ഡൽഹിയിലെ ഓടുന്ന ബസിൽ വച്ച് 23 കാരിയായ യുവതി അതിക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടത്. നില ഗുരുതരമായതിനെ തുടർന്ന് സിംഗപ്പൂരിേലക്ക് മാറ്റി ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. കേസിലെ പ്രതികളായ നാലുപേരുടെയും വധശിക്ഷ അടുത്തമാസം ഒന്നിന് പുലർച്ചെ ആറുമണിക്ക് നടപ്പാക്കാനാണ് കോടതി തീരുമാനിച്ചിരിക്കുന്നത്.