പെണ്‍കരുത്തിന് മുന്നില്‍ പകച്ചുനിന്ന രാജ്യം; കോണ്‍ഗ്രസിന്റെ തലവര മാറ്റിയ പ്രതിഷേധം

നിര്‍ഭയ നീറുന്ന ഓര്‍മയാണങ്കിലും അവള്‍ നേരിട്ട ക്രൂരത രാജ്യത്തുണ്ടാക്കിയത് പെണ്‍പോരാട്ടത്തിന്‍റെ ഒരിക്കലും മായ്ക്കാനാകാത്ത ഏട് കൂടിയാണ്. സര്‍ക്കാരിന് ഉദ്ഭവം തിരിച്ചറിഞ്ഞ് പ്രതിരോധിക്കാനാകും മുമ്പ് രാജ്യ തലസ്ഥാനത്തെയാകെ നിശ്ചലമാക്കിയ വന്‍ പ്രക്ഷോഭമായി അത് മാറിയിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസും രാഷ്ട്രപതി ഭവനും നിലകൊള്ളുന്ന അതീവ സുരക്ഷ മേഖലയൊന്നാകെ പ്രതിഷേധക്കാര്‍ പിടിച്ചടക്കി. നിര്‍ഭയക്ക് നീതിയുറപ്പാക്കാന്‍ അധികാരികളെ പിടിച്ചുണര്‍ത്തിയതില്‍ ഈ പ്രതിഷേധത്തിനുള്ള പങ്ക് ചില്ലറയല്ല.

2012 ഡിംസബര്‍ 17 പുലര്‍ന്നത് നിര്‍ഭയ നേരിട്ട കൊടിയപീഡനത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങളോെടയായിരുന്നു. ദിവസങ്ങള്‍ കൊണ്ടു പ്രതിഷേധക്കാറ്റ് ആഞ്ഞടിച്ചു. ഡിസംബര്‍ ഇരുപതോടെ നിര്‍ഭയയുടെ ആരോഗ്യനില മോശമായി. ഇത് അറിഞ്ഞ ജനത മെഴുകുതിരി മാറ്റിവച്ച് തെരുവിലേക്കൊഴുകി. മണ്ഡല്‍ പ്രക്ഷോഭത്തിന് ശേഷം ആദ്യമായി രാജ്പഥും വിജയ്ചൗക്കും കീഴടക്കി രാഷ്ട്രപതിഭവനും പ്രധാനമന്ത്രിയുടെ ഓഫീസും സ്ഥിതി ചെയ്യുന്ന റെയ്സീനാകുന്നിലേക്ക് പ്രതിഷേധക്കാര്‍ ഇരച്ചുകയറി. രാഷ്ട്രപതിഭവന്റെ ഗേറ്റിന് മുന്നില്‍ അക്ഷമരായി നിന്ന സ്ത്രീകള്‍ പ്രഥമപൗരന്റെ ഇടപെടലിനായി മുട്ടിവിളിച്ചു.



21 മുതല്‍ 24 വരെയുള്ള നാളുകളില്‍ പ്രതിഷേധം കൊടുംമ്പിരികൊണ്ടു. ഒരു പൊലീസുകാരന്‍ കുഴഞ്ഞുവീണുമരിച്ചു. ജലപീരങ്കിയും ലാത്തിയും കണ്ണീര്‍വാതകവും പെണ്‍കരുത്തിന് മുന്നില്‍ പകച്ചുനിന്നു. പ്രതിഷേധം രാജ്യത്താകെ പടരുന്നതാണ് പിന്നെ കണ്ടത്. നേതാവോ, കൊടിയോ, പാര്‍ട്ടിയോ ഇല്ലാത്ത സ്വഭാവിക പൊട്ടിത്തെറിയായിരുന്നു അത്. അണ്ണാ സമരമുണ്ടാക്കിയ അലയൊലികള്‍ അടങ്ങുന്നതിന് തൊട്ടുപിന്നാലെയുണ്ടായ നിര്‍ഭയ പ്രതിഷേധം സ്ത്രീസുരക്ഷയുടെ മാത്രമല്ല രാജ്യത്തിന്‍റെ തന്നെ രാഷ്ട്രീയ തലവര മാറ്റിയെഴുതി. പതിനഞ്ച് വര്‍ഷത്തെ കോണ്‍ഗ്രസ് ഭരണത്തിന് അറുതി കുറിച്ച് ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി ഉദിച്ചു. കേന്ദ്രത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു.പി.എയെ ബി.ജെ.പി നിലംപരിശാക്കി.