കർണാടക ഉപതിരഞ്ഞെടുപ്പ്; യെഡിയൂരപ്പ സർക്കാരിന് നിർണായകം; 6 സീറ്റുകളെങ്കിലും വേണം

കര്‍ണാടകയില്‍ 15 നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് ഫലം നാളെ. യെഡിയൂരപ്പ സര്‍ക്കാരിന് നിര്‍ണായകമാണ് ജനവിധി. കുറഞ്ഞത് 6 സീറ്റുകളെങ്കിലും നേടിയാലെ ഭരണം തുടരാനാവൂ. എന്നാല്‍ ബി.ജെ.പി 12 സീറ്റുകള്‍ വരെ നേടുമെന്നാണ് എക്സിറ്റ്പോള്‍ പ്രവചനങ്ങള്‍

സഖ്യസര്‍ക്കാരിനെ അട്ടിമറിച്ച് അധികാരത്തിലെത്തിയ യെഡിയൂരപ്പ സര്‍ക്കാരിന് കാലാവധി തികയ്ക്കാനാകുമോയെന്ന് നാളെയറിയാം. 66.64 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. ബെംഗളൂരു നഗരമേഖലയിലെ മണ്ഡലങ്ങളില്‍ പോളിംഗ് കുറവായിരുന്നു. ഇത് പാര്‍ട്ടിക്ക് അല്‍പം ആശങ്കയുണര്‍ത്തിയിട്ടുമുണ്ട്. 

എന്നാല്‍ എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍ ബി.ജെ.പിക്ക് ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതരത്തിലാണ്. 9 മുതല്‍ 12 സീറ്റുകള്‍ വരെ ബി.ജെ.പി നേടുമെന്നാണ് സീവോട്ടര്‍ സര്‍വേ. കോണ്‍ഗ്രസിന് 3 മുതല്‍ 6 സീറ്റുകള്‍ വരെ. ജെ.ഡി.എസിന് ഒന്ന് അല്ലെങ്കില്‍ സീറ്റൊന്നും ലഭിക്കില്ല. കോണ്‍ഗ്രസ് ദള്‍ സഖ്യം വീണ്ടും രൂപീകരിക്കുന്നതിനെച്ചൊല്ലി അഭ്യൂഹങ്ങള്‍ നിലനില്‍ക്കുമ്പോളും ഇരുപക്ഷത്തേയ്ക്കും ചേരാന്‍ തയ്യാറാണെന്ന ഇരട്ട നിലപാടിലാണ് ദള്‍. അതേസമയം എക്സിറ്റ് പോളുകള്‍ കൂടി വിജയം പ്രഖ്യാപിച്ചതോടെ ആത്മവിശ്വാസത്തിലായ ബി.ജെ.പി മന്ത്രിസഭാ വികസനമടക്കമുള്ള കാര്യങ്ങളില്‍ ചര്‍ച്ചകള്‍ സജീവമാക്കിക്കഴിഞ്ഞു. 13 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് ദള്‍ വിമതരാണ് ബി.ജെ.പിയുടെ സ്ഥാനാര്‍ഥികള്‍. വിമതരുടെ രാഷ്ട്രീയ ഭാവിയിലും നിര്‍ണായകമാണ് നാളെ വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പ് ഫലം.