ശിക്ഷിക്കപ്പെടുന്നത് പതിനാറു ശതമാനത്തിൽ താഴെ; പീഡനക്കേസിൽ ഞെട്ടിക്കുന്ന കണക്കുകൾ

ഇന്ത്യയില്‍ റജിസ്റ്റര്‍ ചെയ്യപ്പെടുന്ന ബലാ‍ല്‍സംഗക്കേസുകളില്‍ ശരാശരി പതിനാറ് ശതമാനത്തില്‍ മാത്രമാണ് പ്രതികള്‍ ശിക്ഷിക്കപ്പെടുന്നത്. പൊലീസ് അന്വേഷണത്തിലെ വീഴ്ചകള്‍, ഇഴഞ്ഞ് നീങ്ങുന്ന കോടതി നപടികള്‍,സാക്ഷികളുടെ കൂറുമാറ്റങ്ങള്‍ തുടങ്ങിയവയെല്ലാം ഇതിന് കാരണമാണ്.  രാജ്യം ഏറെ ചര്‍ച്ച ചെയ്ത നിര്‍ഭയ കേസില്‍ ഏഴ് വര്‍ഷം പിന്നിട്ടിട്ടും ശിക്ഷ നടപ്പാക്കാനായിട്ടില്ല. 

ഹൈദരാബാദില്‍ മൃഗ ഡോക്ടറെ കൂട്ടബലാത്സം ചെയ്ത് ചുട്ട് കൊന്ന കേസിലെ പ്രതികള്‍ പൊലീസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ട വാര്‍ത്തയെ പൊതുസമൂഹം ആഹ്ലാദത്തോടെ വരവേല്‍ക്കുന്നത് നിയമ സംവിധാനത്തില്‍ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടതിന്‍റെ ദൃഷ്ടാന്തമായാണ് വിലയിരുത്തപ്പെടന്നത്. 

റജിസ്റ്റര്‍ ചെയ്യപ്പെടുന്ന ലൈംഗിക പീഡനക്കേസുകളും പ്രതികള്‍ ശിക്ഷിക്കപ്പെടുന്ന കേസുകളും തമ്മിലുള്ള ഞെട്ടിക്കുന്ന അന്തരം മാത്രം മതി ഈ വിലയിരത്തലിനെ അടിവരയിടാന്‍. 2011 മുതല്‍ 16 വരെയുള്ള കണക്കുകള്‍ പ്രകാരം, രാജ്യത്ത് ആകെ റജിസ്റ്റര്‍ ചെയ്യപ്പെട്ട ബലാത്സംഘക്കേസുകള്‍ 194169. ശിക്ഷിക്കപ്പെട്ട കേസുകള്‍ 32796. ആകെ കേസുകളുടെ 16.89 ശതമാനം മാത്രം.

 രാജ്യത്തെ പിടിച്ചുലച്ച നിര്‍ഭയ കേസിന് ശേഷം സ്ഥിതി കൂടുതല്‍ പരിതാപകരമാവുകയാണ് ചെയ്തതെന്നും ഈ കണക്കുകള്‍ പറയുന്നു. നിര്‍ഭയ കേസില്‍ പോലും നിയമ വ്യവസ്ഥയില്‍ ജനത്തിനുള്ള വിശ്വാസം ഉറപ്പിക്കുന്ന നീതി നിര്‍വഹണമുണ്ടായില്ല. പ്രതികള്‍ക്ക് വിചാരണക്കോടതി വധശിക്ഷ വിധിച്ചത് 2013 സെപ്റ്റംബര്‍ പതിമൂന്നിന്. ആറ് വര്‍ഷം പിന്നിടുന്നു, വിധി നടപ്പിലായിട്ടില്ല. മേല്‍ക്കോടതികളിലെ നടപടികള്‍ക്ക് മാത്രം വേണ്ടി വന്നത് അഞ്ച് വര്‍ഷം. ദയാ ഹര്‍ജികളില്‍ രാഷ്ട്രപതിയുടെ തീരുമാനമാണ് ഇനി വരേണ്ടത്. എത്രയും പെട്ടെന്ന് ശിക്ഷ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് വീണ്ടും കോടതി കയറേണ്ടി വന്നിരിക്കുകയാണ് നിര്‍ഭയുയടെ മാതാപിതാക്കള്‍.