വീണ്ടും തലകുനിച്ച് രാജ്യം; ഇരയായ ഡോക്ടറുടെ പേര് പോൺ സൈറ്റിന്റെ ട്രെൻഡിങ് പട്ടികയിൽ

തെലങ്കാനയിൽ വനിതാ ഡോക്ടർ ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിന്റെ നടുക്കം മാറുന്നതിന് മുൻപ് ക്രൂരതയുടെ മറ്റൊരു കാഴ്ചയാണ് സമൂഹമാധ്യമങ്ങളിൽ കാണുന്നത്. ഇരയായ യുവതിയുടെ പേര് പോൺ സൈറ്റുകളിൽ ട്രെൻഡുകളിൽ ഒന്നാമതെത്തി എന്നതാണ് രാജ്യത്തെ തലകുനിപ്പിക്കുന്നത്. ഇൗ ലിസ്റ്റിൽ നിന്നും ഇരയായ പെൺകുട്ടിയുടെ പേര് നീക്കം ചെയ്യണം എന്ന് ട്വീറ്റ് ചെയ്ത് ഒട്ടേറെ പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ലോകത്തെ ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന പോൺ സൈറ്റുകളിലൊന്നിന്റെ ഇന്ത്യൻ, പാകിസ്ഥാൻ പതിപ്പുകളിൽ ഡോക്ടറുടെ പേര് ട്രെൻഡിങ് ലിസ്റ്റിൽ ഒന്നാമതാണ്.

ഇതിനെതിരെ വന്‍ പ്രതിഷേധമാണ് ഉയരുന്നത്.

തെലങ്കാനയിൽ ക്രൂരബലാത്സംഗത്തിനിരയായി വനിതാ ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി അറസ്റ്റിലായ പ്രതികളുടെ ബന്ധുക്കളും രംഗത്തെത്തി. പ്രതികൾക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് മാതാപിതാക്കൾ അഭിപ്രായപ്പെട്ടു. മകനോട് ഒരുതരത്തിലുള്ള സഹതാപവും ഇല്ലെന്ന് ജൊല്ലു ശിവയുടെ അച്ഛൻ ജൊല്ലു രാജപ്പയുടെ പ്രതികരണം. 

'ഇനി മകനുമായി ഒരു ബന്ധവും എനിക്കില്ല. വിചാരണ തുടങ്ങിയാൽ കോടതിയിലും പോകില്ല. എന്റെ മകൻ മരിച്ചു' രാജപ്പ പറഞ്ഞു. സഹോദരന് വധശിക്ഷ ലഭിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും ചെയ്ത തെറ്റിന് മരണമാണ് ശിവ അർഹിക്കുന്നതെന്നും സഹോദരി പ്രതികരിച്ചു. ലോറിയിൽ ക്ലീനർ ആയിരുന്നു ശിവ. യുവതിയുടെ സ്കൂട്ടർ പഞ്ചറായതിനെത്തുടർന്ന് നന്നാക്കാൻ കൊണ്ടുപോയത് ശിവ ആയിരുന്നു. ഇരുചക്രവാഹനത്തിന്റെ കാറ്റഴിച്ചുവിട്ടശേഷം സഹായവാദ്ഗാനം നൽകി വനിതാ ഡോക്ടറെ ഇവർ കെണിയിൽപ്പെടുത്തുകയായിരുന്നു.

‘അന്ന് രാത്രി അവന്‍ സാധാരണ പോലെയാണ് പെരുമാറിയത്. അസ്വാഭാവികതയോ കുറ്റബോധമോ ഒന്നും പെരുമാറ്റത്തിലുണ്ടായിരുന്നില്ല. എന്നോട് ഒന്നും സംസാരിച്ചില്ല. വീട്ടിലെത്തി ഭക്ഷണം കഴിച്ചു, അതിന് ശേഷം ഉറങ്ങാൻ പോയി’ നവീന്റെ അമ്മ പറഞ്ഞു. അവനെങ്ങനെ ഇതിനുള്ള ധൈര്യം കിട്ടിയെന്നറിയില്ല. എനിക്കവനോട് ദേഷ്യമാണ് - ലക്ഷ്മി പറഞ്ഞു. 

ചെന്നക്കേശവുലുവിന്റെ അമ്മയുടെ പ്രതികരണമിങ്ങനെ: ''അവൻ തെറ്റ് ചെയ്തു, കടുത്ത ശിക്ഷ തന്നെ ലഭിക്കണം. വീട്ടിൽ വന്നെങ്കിലും എന്നോടോ അവന്റെ ഭാര്യയോടോ സംഭവിച്ചതിനെപ്പറ്റി ഒന്നും സംസാരിച്ചില്ല. ഒരു അമ്മക്ക് മകനോ മകളോ നഷ്ടപ്പെട്ടാലുണ്ടാകുന്ന വേദന മറ്റാർക്കും പറഞ്ഞാൽ മനസ്സിലാകില്ല. ഞാനിപ്പോള്‍ കടുത്ത വേദന അനുഭവിക്കുകയാണ്. എങ്ങനെ ഈ അവസ്ഥ തരണം ചെയ്യണമെന്നറിയില്ല. പക്ഷേ അവന് ശിക്ഷ ലഭിക്കുക തന്നെ വേണം''. 

മുഖ്യപ്രതിയായ മുഹമ്മദ് മാത്രമാണ് സംഭവിച്ചതിനെക്കുറിച്ച് വീട്ടിൽ പറഞ്ഞത്. 29ാം തിയതി പുലർച്ചെ ഒരു മണിയോടെയാണ് മകൻ വീട്ടിലെത്തിയത്. അസാധാരണ ധൈര്യം അവന്റെ മുഖത്തുണ്ടായിരുന്നു. ആരെയോ കൊന്നെന്ന് ഇടക്കിടെ പറഞ്ഞുകൊണ്ടിരുന്നു. 'ഞാൻ ഒരുവശത്തുനിന്ന് ലോറിയെടുക്കുകയായിരുന്നു, മറുവശത്ത് നിന്ന് ഒരു യുവതി സ്കൂട്ടറിൽ വരുന്നുണ്ടായിരുന്നു. ലോറി വണ്ടിയിലിടിച്ചു, ഞാനവളെ കൊന്നു'- മകന്‍ പറ‍ഞ്ഞെന്ന് അമ്മ പറഞ്ഞു.

ഹൈദരാബാദിലെ തോണ്ടപ്പള്ളി ടോൾപ്ലാസയിൽ നിന്നാണ് യുവതിയെ ലോറി ഡ്രൈവർമാർ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. പരാതിയുമായി യുവതിയുടെ വീട്ടുകാർ രാത്രിയിൽ തന്നെ എത്തിയെങ്കിലും വേണ്ട നടപടി സ്വീകരിക്കാതിരുന്നതിനെ തുടർന്ന് മൂന്ന് പൊലീസുകാർക്കെതിരെ നടപടിയെടുത്തിരുന്നു. പ്രതികൾ അറസ്റ്റിലായ സാഹചര്യത്തിൽ കേസ് അതിവേഗ കോടതി അടുത്ത ദിവസങ്ങളിൽ പരിഗണിക്കും.