മലിനീകരണത്തിലും മുന്നിൽ ലക്നൗ; എന്നിട്ടും 64,000 മരങ്ങൾ മുറിക്കാൻ യോഗി സർക്കാർ

മലിനീകരണത്തിൽ മുൻപന്തിയിലുള്ള രാജ്യത്തെ 10 നഗരങ്ങളിലൊന്നായ ലക്നൗവിൽ നിന്നും 64,000 മരങ്ങൾ വെട്ടിമാറ്റാൻ സർക്കാർ തീരുമാനം. അടുത്ത വർഷം നടക്കുന്ന ഡിഫന്‍സ് എക്സ്പോയ്ക്ക് വേണ്ടിയാണ് ഗോമതി നദീതീരത്തെ ഇത്രമരങ്ങൾ വെട്ടിനിരത്താൻ യോഗി സർക്കാർ തീരുമാനമെടുത്തത്. മരങ്ങള്‍ മുറിച്ച് മാറ്റിയ ശേഷം സ്ഥലം ഹിന്ദുസ്ഥാന്‍ എയറോണോട്ടിക്സ് ലിമിറ്റഡിന് കൈമാറാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് ലക്നൗ വികസന അതോററ്റി അറിയിച്ചു.

ഇൗ സ്ഥലത്ത് പിന്നീട് പുതിയ മരങ്ങൾ നടുെമന്നും ചിലത് മാറ്റി നടുെമന്നും അധികൃതർ പറയുന്നു. എന്നാൽ മരങ്ങൾ ഇൗ കാലാവസ്ഥയിൽ മാറ്റി നട്ടാൽ വളരാനുള്ള സാഹചര്യമില്ലെന്ന് വനം വകുപ്പ് വ്യക്തമാക്കുന്നുണ്ട്. അടുത്ത വര്‍ഷം ജനുവരി 15ന് മുമ്പായി സ്ഥലം ഹിന്ദുസ്ഥാന്‍ എയറോണോട്ടിക്സ് ലിമിറ്റഡിന് കൈമാറണമെന്നാണ് തീരുമാനം. നിരവധി രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ എത്തുന്ന ഡിഫന്‍സ് എക്സ്പോയ്ക്ക് ആദ്യമായാണ് ലക്നൗ വേദിയൊരുക്കുന്നത്. 2020 ഫെബ്രുവരി അഞ്ച് മുതല്‍ എട്ട് വരെയാണ് എക്സ്പോ നടക്കുന്നത്.