‘ബിൻ ലാദൻ’ ചരിഞ്ഞു; മരണകാരണം അവ്യക്തം; 5 ജീവനെടുത്ത കൊലകൊമ്പൻ

നാടിനെ വിറപ്പിച്ച് കൊലയാളി ഒറ്റയാൻ  ‘ബിൻ ലാദൻ’ ചരിഞ്ഞു. വനം വകുപ്പിന്റെ പിടിയിലായിരുന്നു കുറച്ച് ദിവസമായി കാട്ടാന. നാട്ടിൽ വലിയ നാശത്തിനൊപ്പം ആളുകളുടെ ജീവനും എടുത്തതോടെയാണ് ആനയെ വനം വകുപ്പ് പണിപ്പെട്ട് പിടികൂടിയത്. വടക്കൻ അസമിലെ ഗോൽപ്പാറ ജില്ലയിലെ വനമേഖലയിൽ നിന്നാണ് ആനയെ മയക്കുവെടി വച്ച് കീഴ്പ്പെടുത്തിയത്. പിന്നീട് ആനയെ അസമിലെ ഓറഞ്ച് നാഷണൽ പാർക്കിലേക്ക് മാറ്റിയിരുന്നു. 

ഒരാഴ്ചയ്ക്ക് ശേഷമാണ് ആന ചരിഞ്ഞത്. പിടികൂടുമ്പോൾ ആനയ്ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നോ എന്ന് വ്യക്തമല്ല. കഴിഞ്ഞ ദിവസം രാവിലെയോടെ ആന ചരിഞ്ഞ വിവരം പരിപാലിച്ചവർ അറിയിക്കുകയായിരുന്നുവെന്നാണ് പാർക്ക് അധികൃതർ നൽകുന്ന വിശദീകരണം. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചെങ്കിൽ മാത്രമേ മരണകാരണം വ്യക്തമാവൂ. അഞ്ചുപേരുടെ ജീവനെടുത്തപ്പോഴാണ് ഗ്രാമവാസികളാണ് ആനയ്ക്ക് ബിൻ ലാദൻ എന്ന പേരുനൽകിയത്. എന്നാൽ വനം വകുപ്പിന്റെ പിടിയിലായതോടെ കൃഷ്ണ എന്ന പുതിയ പേരും നൽകിയിരുന്നു.