മഹരാഷ്ട്രയിൽ ചർച്ചകൾ തുടരും; ആദ്യ ധാരണ പൊതുമിനിമം പരിപാടിയിൽ

രാഷ്ട്രപതി ഭരണം പ്രഖാപിച്ച മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍‌ തുടരാന്‍ കോണ്‍ഗ്രസ്–എന്‍സിപി–ശിവസേന തീരുമാനം. പൊതുമിനിമം പരിപാടിയില്‍ ധാരണയായതിന് ശേഷം മന്ത്രിസ്ഥാനങ്ങള്‍ ഉള്‍പ്പടെയുള്ളവയില്‍ ചര്‍ച്ച മതിയെന്ന് മൂന്ന് പാര്‍ട്ടികളും തീരുമാനിച്ചു. രണ്ട് ദിവസത്തിനകം ഡല്‍ഹിയില്‍ കോണ്‍ഗ്രസ്–എന്‍സിപി നേതാക്കള്‍ രണ്ടാംഘട്ട കൂടിയാലോചനകള്‍ ആരംഭിക്കും,  ശേഷമാകും ശിവസേനയുമായി ചര്‍ച്ച.  

പൊതുമിനിമം പരിപാടിയില്‍ കേന്ദ്രീകരിച്ചാകും മഹാരാഷ്ട്രയിലെ തുടര്‍ചര്‍ച്ചകള്‍. ഇതിനായി മുതിര്‍ന്ന നേതാക്കളെ ഉള്‍പ്പെടുത്തി  മുന്നുപാര്‍ട്ടികളും പ്രത്യേക സമിതികള്‍ക്ക് രൂപംനല്‍കി. എല്ലാവര്‍ക്കും സ്വീകാര്യമായ നയം രൂപീകരിച്ച ശേഷംമാത്രമാകും മന്ത്രിസഭ രൂപീകരണത്തിലും കോണ്‍ഗ്രസ് മന്ത്രിസഭയില്‍ ചേരണമോയെന്ന കാര്യത്തിലും തീരുമാനം ഉണ്ടാവുക. ഹൈക്കമാന്‍ഡ് പ്രതിനിധി അഹമ്മദ് പട്ടേല്‍ ഉദ്ധവ് താക്കറെയുമായി ഇന്നലെ കൂടിക്കാഴ്ച നടത്തിയിരുന്നു. പിന്നാലെ സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളും താക്കറയെ കണ്ടു.

ഗവര്‍ണറുടെ നടപടികള്‍‌ക്കെതിരെ അടിയന്തരമായി സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങിയ ശിവസേന അവസാനനിമിഷം നീക്കത്തില്‍നിന്ന് പിന്‍വാങ്ങി. കോടതിയില്‍നിന്ന് അനുകൂല തീരുമാനം ഉണ്ടായാല്‍ ഉടന്‍ ഭൂരിപക്ഷം തെളിയിക്കേണ്ടിവരും. എന്‍സിപി–കോണ്‍ഗ്രസ് ഉറപ്പുലഭിക്കാത്ത സാഹചര്യത്തില്‍ ഇത് തിരിച്ചടിയാകുമെന്ന ബോധ്യമായതോടെയാണ് പിന്‍മാറ്റം.