73.18 കോടിരൂപയുടെ കിണർ വെള്ളം മോഷ്ടിച്ചു; ആറുപേർക്കെതിരെ കേസ്; അപൂർവം

73.18 കോടി രൂപയുടെ കിണർ വെള്ളം മോഷ്ടിച്ചെന്ന പരാതിയിൽ മുബൈ പൊലീസ് ആറു പേർക്കെതിരെ കേസെടുത്തു. മുംബൈയിലെ ആസാദ് മൈതാൻ പോലീസ് സ്റ്റേഷനിലാണ് അപൂ‍ർവമായ സംഭവം. കൽബാദേവി പ്രദേശത്ത് അനധികൃതമായി നിർമിച്ച രണ്ടു കിണറുകളിൽ നിന്ന് 73.18 കോടി രൂപയുടെ കിണര്‍ വെള്ളം കടത്തിയെന്നാണ് കേസ്.

കിണറുകളിൽ നിന്ന് വെള്ളം മോഷ്ടിച്ചെന്നു ആരോപിച്ചു വിവരാവകാശ പ്രവർത്തകൻ സുരേഷ്കുമാർ ധോക നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. ഭൂടുമയായ ത്രിപുരപ്രസാദ് പാണ്ഡ്യ അനധികൃതമായി കുഴിച്ച രണ്ടു കിണറുകളിൽ നിന്നുള്ള വെള്ളം വാട്ടർ ടാങ്കർ ഓപ്പറേറ്റർമാർ വഴി വിൽക്കുകയുമായിരുന്നുവെന്നു അദ്ദേഹം പറഞ്ഞു. പമ്പുവഴി വെള്ളം എടുക്കാൻ പാണ്ഡ്യ നിയമവിരുദ്ധമായി വൈദ്യുതി കണക്‌ഷനുമെടുത്തു. 2006നും 2017നും ഇടയിൽ 73.18 കോടി രൂപ വിലവരുന്ന ലക്ഷക്കണക്കിനു ലീറ്റർ വെള്ളം മോഷ്ടിച്ചു വിറ്റതായി വൈദ്യുതി മീറ്റർ പരിശോധിച്ചപ്പോൾ വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു.

പരാതിയുടെ അടിസ്ഥാനത്തിൽ മോഷണക്കുറ്റം ആരോപിച്ച് ഐപിസി സെക്‌ഷൻ 379, 34 എന്നീ വകുപ്പുകൾ ചുമത്തി ത്രിപുരപ്രസാദ് പാണ്ഡ്യ, മകൻ പ്രകാശ് ത്രിപുരപ്രസാദ് പാണ്ഡ്യ, ബന്ധു മനോജ് പാണ്ഡ്യ, ടാങ്കർ ഓപ്പറേറ്റർമാരായ അരുൺ മിശ്ര, ശ്രാവൺ മിശ്ര, ധീരജ് മിശ്ര എന്നിവർക്കെതിരെ ആസാദ് മൈതാൻ പൊലീസ് സ്റ്റേഷനിൽ കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഭൂഗർഭജല ശ്രോതസ്സുകൾ സംരക്ഷിക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനത്തിനു പിന്നാലെ മഹാരാഷ്ട്രയിൽ രജിസ്റ്റർ ചെയ്യുന്ന ആദ്യ ഭൂഗർഭജല മോഷണ കേസാണിത്.