യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്താൻ ശ്രമിച്ച കേസ്; പ്രതികളെ പിടികൂടാതെ പൊലീസ്

പത്തനംതിട്ട അടൂരില്‍ യുവതിയെ റോഡില്‍ തടഞ്ഞു നിര്‍ത്തി പെട്രോളൊഴിച്ച് തീകൊളുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയായ ഭര്‍ത്താവിനേയും  കൂട്ടാളികളേയും പിടികൂടാതെ പൊലീസ്. ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ യുവതിയില്‍ നിന്ന് തട്ടിയെടുത്ത പണം പ്രതിയുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയിരുന്നു. പുറത്തിറങ്ങാന്‍ ഭയമാണെന്ന് ആക്രമണത്തിന് ഇരയായ യുവതി പറയുന്നു.  

ചാരുമ്മൂട് സ്വദേശിനി അശ്വതിയെ രണ്ടാഴ്ച മുമ്പാണ് ഭര്‍ത്താവും കൂട്ടാളികളും വഴിയില്‍ തടഞ്ഞ് നിര്‍ത്തി ആക്രമിച്ചത്. മൈക്രോഫിനാന്‍സ് സ്ഥാപനത്തിലെ ജീവനക്കാരിയായ അശ്വതി പിരിച്ചെടുത്ത പണവുമായി സ്കൂട്ടറില്‍ വരുമ്പോഴായിരുന്നു ആക്രമണം. ഭര്‍ത്താവു കൃഷ്ണകുമാറും മൂന്നു സുഹുത്തുക്കളും ചേര്‍ന്നാണ് മുണ്ടപ്പള്ളിയില്‍ വച്ച് തടഞ്ഞത്. ക്രൂരമായി മര്‍ദിച്ച ശേഷം സമീപത്തെ പറമ്പിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി തലയിലൂടെ പെട്രോളൊഴിച്ചു. നിലവിളികേട്ട് ആള്‍ക്കാര്‍ എത്തിയപ്പോള്‍ കൃഷ്ണകുമാറുംകട്ടാളികളും രക്ഷപെട്ടു. ഒന്നേമുക്കാല്‍ ലക്ഷം രൂപയും, ഓഫിസ് ആവശ്യത്തിനുള്ള ടാബും, മൊബൈല്‍ഫോണും  സംഘം കൊണ്ടുപോയത് കണ്ടെത്തിയിരുന്നു. കൃഷ്ണകുമാറിന്‍റെ സഹോദരീപുത്രന്‍ അഖിലും സംഘത്തിലുണ്ടായിരുന്നുവെന്ന് അശ്വതി പറഞ്ഞു. പ്രതികളെ പിടികൂടാന്‍ പൊലീസ് തയാറാവുന്നില്ലെന്ന് ആക്രമണത്തിന് ഇരയായ അശ്വതി പറയുന്നു

‌മുന്‍പും അശ്വതിയെ ഭര്‍ത്താവ് ആക്രമിച്ചെന്ന് പരാതിയുണ്ട്. ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്താന്‍ ശ്രമിച്ചിട്ടും പൊലീസ് വധശ്രമത്തിന് കേസെടുത്തിട്ടില്ലെന്ന് അശ്വതി പറയുന്നു. പ്രതികളെ പിടികൂടാത്ത സാഹചര്യത്തില്‍ പുറത്തിറങ്ങാന്‍ തന്നെ ഭയമാണെന്ന് അശ്വതി പറയുന്നു. ആറ് മാസമായി അശ്വതിയും കൃഷ്ണകുമാറും പിരിഞ്ഞു ജീവിക്കുകയാണ്. ഗാര്‍ഹിക പീഡനത്തിന് കൃഷ്ണകുമാറിനും രണ്ട് സഹോദരങ്ങള്‍ക്കുമെതിരെ അശ്വതി പരാതി നല്‍കിയിരുന്നു. ഇതിന്‍റെ വിരോധത്തിലായിരുന്നു ആക്രമണം എന്ന് സംശയിക്കുന്നു.