തൊണ്ടിമുതലായി ‘പശു’; വില്ലന്‍ കറവക്കാരന്‍; പൊലീസിന് ബിഗ് സല്യൂട്ട്

‘‘സാറെ, ഞങ്ങടെ പശുവിനെ കാണാനില്ല. പാല്‍ വിറ്റാണ് ജീവിക്കണത്. പശുവിനെ കിട്ടിയില്ലെങ്കില്‍ അന്നംമുടങ്ങും. സാറ് അന്വേഷിക്കുമോ?.’’ കൊരട്ടി മേലൂര്‍ സ്വദേശിയായ അറുപത്തിയഞ്ചുകാരി വനസ്പതി പൊലീസിനോട് പറഞ്ഞു. കണ്ണീരണിഞ്ഞ അമ്മയുടെ വാക്കുകള്‍ കേട്ട് കൊരട്ടി ഇന്‍സ്പെക്ടര്‍ ബി.കെ.അരുണിന്‍റെ മനസലിഞ്ഞു. മറ്റെല്ലാ കേസുകളും മാറ്റിവച്ച് കൊരട്ടി പൊലീസ് പശുവിനെ തിരഞ്ഞിറങ്ങി. 

കറവക്കാരന്‍ എവിടെ?

പശുവിനെ ആരാണ് കറന്നിരുന്നത്?. അയാള്‍ എവിടെ?. ഈ ചോദ്യത്തിനുള്ള ഉത്തരമായിരുന്നു പൊലീസ് ആദ്യം അന്വേഷിച്ചത്. തമിഴ്നാട്ടുകാരന്‍ മൂര്‍ത്തിയായിരുന്നു കറവക്കാരന്‍. പാല്‍ കറന്നെടുക്കാന്‍ എത്തിയപ്പോള്‍ പശുവിനെ കാണാനില്ലെന്നായിരുന്നു കറവക്കാരന്‍ വിശദീകരിച്ചത്. നാട്ടിലെ പ്രധാന കറവക്കാരനായതിനാല്‍ പലവീടുകളിലും ഇതേജോലിയെടുക്കുന്നുണ്ട്. ഈ വീട്ടുകാരെല്ലാം വനസ്പതിയുടെ പശുവിനെ കാണാതായ വിവരം മൂര്‍ത്തി പറഞ്ഞാണ് അറിഞ്ഞത്. പൊലീസ് ചോദ്യംചെയ്തപ്പോഴും കറവക്കാരന്‍ കൈമലര്‍ത്തി.  പൊലീസ് ചോദ്യംചെയ്തു വിട്ട ശേഷം മൂര്‍ത്തിയെ കാണാതായി. പൊലീസിന് സംശയം ബലപ്പെട്ടു.

കാലിചന്തയിലേക്ക് വിളി

കറവക്കാരന്റെ ഫോണ്‍ വിളികള്‍ പരിശോധിക്കാന്‍ ഇന്‍സ്പെക്ടര്‍ തീരുമാനിച്ചു. പെരുമ്പാവൂരിലെ കാലിചന്തയിലേക്ക് ഒരു വിളി പോയിട്ടുണ്ട് കറവക്കാരന്റെ ഫോണില്‍ നിന്ന്. ഈ നമ്പറില്‍ പൊലീസ് ബന്ധപ്പെട്ടു. ഒരു പശുവിനെ മൂര്‍ത്തി വിറ്റതായി അവര്‍ പറഞ്ഞാണ് പൊലീസ് മനസിലാക്കിയത്. പശുവിന്‍റെ ഉടമയുമായി പൊലീസ് പെരുമ്പാവൂരിലേക്ക് പുറപ്പെട്ടു. ചന്തയില്‍ വാങ്ങിയ പശുവിനെ ഉടമ തിരിച്ചറിഞ്ഞു. 

എങ്ങനെ പശുവിനെ കടത്തി

പുലര്‍ച്ചെ മൂന്നുമണിയായപ്പോള്‍ കറവക്കാരന്‍ തൊഴുത്തില്‍ എത്തി. കെട്ടഴിച്ച് പശുവുമായി നടന്നു. തൊട്ടടുത്ത ജംക്ഷനില്‍ എത്തി പെട്ടിഓട്ടോറിക്ഷയില്‍ കയറ്റി. നേരെ പെരുമ്പാവൂര്‍ കാലിചന്തയിലേയ്ക്കു വിട്ടു. സ്ഥിരമായി കാണുന്ന കറവക്കാരനോട് പശുവിന് അപരിചത്വം തോന്നിയില്ല. 

പശു പ്രസവിച്ചിരുന്നു

കറവക്കാരന്‍ തട്ടിയെടുക്കുമ്പോള്‍ പശു ഗര്‍ഭിണിയായിരുന്നു. ചന്തയില്‍വച്ച് പശു പ്രസവിച്ചു. പൊലീസ് എത്തുമ്പോള്‍ പ്രസവം കഴിഞ്ഞിരുന്നു. പശുവിനേയും കുഞ്ഞിനേയും കൂട്ടിയാണ് കൊരട്ടിയിലേയ്ക്ക് പൊലീസ് മടങ്ങിയത്. പക്ഷേ, കറവക്കാരന്‍ അപ്പോഴേയ്ക്കും മുങ്ങി. കേരളം വിട്ടെന്നാണ് സൂചന. മൂര്‍ത്തിെയ കുടുക്കാന്‍ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. 

പൊലീസിന് നന്ദി

"ഞാന്‍ മോളെ എന്നാ വിളിച്ചിരുന്നത്..തിരിച്ച് കിട്ടില്ലെന്നാ കരുതിയത്.." ഇതായിരുന്നു വനസ്പതിയമ്മ വിതുമ്പിക്കൊണ്ട് പൊലീസിനോട് പറഞ്ഞത്. മോഷണം പോയി ഒരാഴ്ചയ്ക്കു ശേഷമാണ് പശുവിനെ തിരിച്ചുക്കിട്ടിയത്.  പശുവിനേയും കുഞ്ഞിനേയും വീട്ടില്‍ തൊഴുത്തില്‍ കെട്ടാന്‍ പൊലീസ് സംഘവും എത്തി. നാട്ടുകാര്‍ ഒന്നടങ്കം പൊലീസിനെ പ്രശംസിക്കാന്‍ എത്തി. ഇതിനെല്ലാം പുറമെ മധുര വിതരണവും. കുട്ടിപ്പശുവിന് എന്ത് പേരിടുമെന്ന് പൊലീസ് വനസ്പതിയോട് ചോദിച്ചു. ‘മൂര്‍ത്തി’ കൂടിനിന്നവര്‍ തമാശയായി പറഞ്ഞു. പക്ഷേ, ആ പേര് കേള്‍ക്കുമ്പോഴേ വനസ്പതി ഒറ്റയടിയ്ക്കു പറഞ്ഞു. ‘വേണ്ട’. പശുക്കള്ളന്റെ പേര് വേണ്ട.