ഹിറ്റ്‌‍ലറും മുസ്സോളിനിയും പറ‍ഞ്ഞ ദേശീയതയോ നിങ്ങളുടേത്? ആർഎസ്എസിനോട് കോണ്‍ഗ്രസ്

ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിനെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവും ഛത്തീസ്ഗഢ് മുഖ്യമന്ത്രിയുമായ ഭൂപേഷ് ബാഗൽ. ജര്‍മനിയിലെ സ്വേച്ഛാധിപതി ഹിറ്റ്ലറിന്റെയും ഇറ്റാലിയിലെ മുസ്സോളിനിയുടെയും ദേശീയതയാണോ ആർഎസ്എസിന്റേത് എന്ന് ബാഗൽ ചോദിക്കുന്നു. ആൾക്കൂട്ട കൊലപാതകങ്ങളെക്കുറിച്ചുള്ള ഭാഗവതിന്റെ പരാമർശത്തിന് പിന്നാലെയാണ് ബാഗലിന്റെ വിമര്‍ശനം. 

''എനിക്ക് ഭാഗവതിനോട് ചോദിക്കാനുള്ളത് ഇതാണ്. നിങ്ങളുടെ ദേശീയത ഹിറ്റ്‌ലറിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഉണ്ടായതാണോ? അതോ മുസ്സോളിനിയിൽ നിന്നോ? നിങ്ങളോട് വിയോജിപ്പ് രേഖപ്പെടുത്തുന്ന എല്ലാവരോടും രാജ്യം വിട്ടുപോകാൻ പറയുമോ''- ബാഗൽ ചോദിക്കുന്നു. 

മഹാത്മാഗാന്ധി മുന്നോട്ടുവെച്ച എല്ലാം ഉൾക്കൊള്ളുന്ന ദേശീയത അങ്ങനെയുള്ളതല്ലെന്നും ബാഗൽ ചൂണ്ടിക്കാണിച്ചു. ഇതാദ്യമായല്ല ബാഗൽ ആർഎസ്എസിനെ കടന്നാക്രമിക്കുന്നത്. ചിലയാളുകൾ ഗാന്ധിജിയെ ഓർമ്മിക്കുന്നത് ആളുകളെ കാണിക്കാനാണെന്നായിരുന്നു ഗാന്ധി ജയന്തിദിനത്തിൽ ബാഗൽ വിമർശിച്ചത്. 

ആൾക്കൂട്ടക്കൊലപാതകം എന്ന പ്രയോഗം പാശ്ചാത്യ സൃഷ്ടിയാണെന്നും ഇന്ത്യൻ സാഹചര്യത്തിൽ ഉപയോഗിച്ച് രാജ്യത്തെ അപകീർത്തിപ്പെടുത്തരുതെന്നും മോഹൻ ഭാഗവത് പറ‍ഞ്ഞിരുന്നു. ആള്‍ക്കൂട്ട ആക്രമണമെന്നത് ഇന്ത്യൻ ധർമ്മചിന്തയിൽ നിന്ന് ഉരുത്തിരിഞ്ഞതല്ല. മറ്റൊരു മതത്തിൽ നിന്നാണ് അതിന്റെ ഉത്ഭവമെന്നും ഭാഗവത് പറഞ്ഞിരുന്നു.