'ഹിന്ദുവാണെങ്കിൽ അവൻ ദേശസ്നേഹി; ഗാന്ധിജിയെ തട്ടിയെടുത്തിട്ടില്ല': മോഹന്‍ ഭഗവത്

ഹിന്ദുവായി ജനിച്ചാൽ അവർ ദേശസ്നേഹികളായിരിക്കുമെന്ന് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവത്. ഹിന്ദുക്കളുടെ അടിസ്ഥാന സ്വഭാവം ദേശസ്നേഹമാണെന്നും മറിച്ചാകാൻ കഴിയില്ലെന്നിം മോഹൻ ഭഗവത് കൂട്ടിച്ചേർത്തു. 

മഹാത്മാ ഗാന്ധി പോലും തന്റെ ദേശസ്‌നേഹം ധര്‍മത്തില്‍ നിന്ന് ഉടലെടുത്തതാണെന്ന് പറഞ്ഞിട്ടുണ്ട്. ഗാന്ധിജിക്ക് ദേശസ്നേഹം കൈവന്നത് അദ്ദേഹത്തിന്റെ ആത്മീയതയിലൂടെയാണ്. ഗാന്ധിയെ സംഘം തട്ടിയെടുക്കുകയാണെന്ന് അഭ്യൂഹമുണ്ട്, ഇത് ശരിയല്ലെന്നും ഗാന്ധിയെ പോലുള്ള മഹാന്മാരെ ആര്‍ക്കും തട്ടിയെടുക്കാനാവില്ലെന്നും മോഹന്‍ ഭഗവത് പറഞ്ഞു.

ഒരാൾ തന്റെ രാജ്യത്തെ സ്നേഹിക്കുന്നു എന്നതിന് അർഥം സ്ഥലത്തെ മാത്രം സ്നേഹിക്കുന്നുവെന്നല്ല. അവിടുത്തെ ജനങ്ങളെയും, നദികളുെയും, സംസ്കാരത്തെയും പാരമ്പര്യത്തെയുമെല്ലാം സ്നേഹിക്കുന്നു എന്നാണ്. ഏകത്വം നിലനിർത്തുക എന്ന തത്വത്തിലൂന്നിയാണ് ഹിന്ദു മതത്തിന്റെ നിലനിൽപ്പ്. എല്ലാ മതങ്ങളുടെയും മതം ഹിന്ദുമതമാണെന്ന് ഗാന്ധിജി പറഞ്ഞിട്ടുണ്ട്.  ഭഗവത് പറയുന്നു. 

ജെ.കെ. ബജാജ്, എം.ഡി ശ്രീനിവാസ് എന്നിവരെഴുതിയ മേക്കിംഗ് ഓഫ് എ ഹിന്ദു പാട്രിയോട്ട്: ബാക്ക് ഗ്രൗണ്ട് ഓഫ് ഗാന്ധിജീസ് ഹിന്ദ് സ്വരാജ് എന്ന പുസ്‌കതത്തിന്റെ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.