'മതപരമായ സന്തുലനം വേണം'; ജനസംഖ്യാനിയന്ത്രണത്തിൽ ആർഎസ്എസ് മേധാവി

ജനസംഖ്യാ നിയന്ത്രണത്തില്‍ മതപരമായ സന്തുലനം അനിവാര്യമാണെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. തൊഴില്‍ സൃഷ്ടിക്കുന്നതില്‍ സര്‍ക്കാരിന് ഉത്തരവാദിത്വമുള്ളതുപോലെതന്നെ സമൂഹത്തിനും ചിലത് െചയ്യാനുണ്ടെന്ന് ആര്‍എസ്എസ് മേധാവി വിജയദശമി പ്രസംഗത്തില്‍ പറഞ്ഞു. സ്ത്രീകള്‍ക്ക് തുല്യതവേണമെന്നും അവര്‍ക്ക് സ്വതന്ത്രമായി തൊഴിലെടുക്കാന്‍ കഴിയണമെന്നും മോഹന്‍ ഭാഗവത് കൂട്ടിച്ചേര്‍ത്തു.

മതത്തിന്‍റെ അടിസ്ഥാനത്തിലെ ജനസംഖ്യ അസന്തുലിതാവസ്ഥ അവഗണിക്കാന്‍ കഴിയാത്ത വിഷയമാണെന്നും അത് പുതിയ രാജ്യങ്ങളുടെ പിറവിക്ക് വഴിവച്ചിട്ടുണ്ടെന്നും ജനസംഖ്യാനിയന്ത്രണത്തെ പരോക്ഷമായി പിന്തുണച്ച് ആര്‍എസ്എസ് മേധാവി പറഞ്ഞു. വിഭവങ്ങളില്ലെങ്കില്‍ ജനസംഖ്യാ ഭാരമായി മാറും. എന്നാല്‍ ജനസംഖ്യയെ ആസ്തിയായും കാണാന്‍ കഴിയും. അതിനാല്‍ ജനസംഖ്യാ നിയന്ത്രണത്തിന് നയം തയ്യാറാക്കുമ്പോള്‍ എല്ലാവശവും പരിശോധിക്കണം. നയം എല്ലാവര്‍ക്കും ഒരുപോലെ ബാധകമായിരിക്കണം. പുതിയ വിദ്യാഭ്യാസനയം മാതൃഭാഷയെ പ്രോല്‍സാഹിപ്പിക്കുന്നതും വിദ്യാര്‍ഥികളെ നല്ല മനുഷ്യരും ദേശസ്നേഹികളുമാക്കുന്നതാണെന്ന് മോഹന്‍ ഭാഗവത് പറഞ്ഞു. ന്യൂനപക്ഷങ്ങള്‍ അപകടത്തിലാണെന്ന് ചിലര്‍ ഭയപ്പെടുത്തുന്നു. എന്നാല്‍ ഇത് സംഘത്തിന്‍റെയോ, ഹിന്ദുക്കളുടെയോ സ്വഭാവമല്ല. സാഹോദര്യത്തിന്‍റെയും സമാധാനത്തിന്‍റെയും പക്ഷത്ത് നില്‍ക്കുന്നവരാണ് സംഘം. ക്ഷേത്രവും വെള്ളവും ശ്മശാനവും എല്ലാവര്‍ക്കും പൊതുവായിരിക്കണം. സ്ത്രീകളോട് തുല്യതയോടെ പെരുമാറണം. സ്വന്തം തീരുമാനങ്ങളെടുക്കാനുള്ള സ്വാതന്ത്ര്യം അവര്‍ക്ക് നല്‍കണം. ഇന്ത്യയുടെ െഎക്യത്തിനും പുരോഗതിക്കും എതിരായ ശക്തികളാണ് സനാതന ധര്‍മത്തിന് തടസങ്ങള്‍. അവര്‍ അരാജകത്വവും ഭീകരതയും വളര്‍ത്തുന്നു. പുതിയ വിദ്യാഭ്യാസ നയത്തെ സമൂഹം പ്രോല്‍സാഹിപ്പിക്കണമെന്നും മോഹന്‍ ഭാഗവത് ആഹ്വാനം ചെയ്തു. ആര്‍എസ്എസിന്‍റെ ചരിത്രത്തിലാദ്യമായി വിജയദശമി ആഘോഷത്തില്‍ വനിത മുഖ്യാതിഥിയായി. പര്‍വതാരോഹക സന്തോഷ് യാദവാണ് നാഗ്പുരിലെ ചടങ്ങില്‍ മുഖ്യാതിഥിയായത്.