ബാപ്പുവിൻറെ സ്മരണയിൽ ഓർമ്മകൾ ഉറങ്ങുന്ന മണ്ണിലൂടെ

ഡല്‍ഹിയിലെ സ്മാരകങ്ങള്‍ ഇന്ത്യയുടെ സ്വാതന്ത്ര്യപോരാട്ടത്തിന്‍റെ ചരിത്രം കൂടി പറയുന്നതാണ്.

1915 ഏപ്രിൽ 13നാണ് ബാപ്പുവിന്റെ ആദ്യ ഡൽഹി സന്ദര്‍ശനം. സെന്റ് സ്റ്റീഫൻസ് കോളേജിന്റെ പ്രിൻസിപ്പല്‍ സുശിൽ കുമാർ രുദ്രയുടെ വസതിയിലാണ് ബാപ്പുവും കസ്തൂർബയും അന്ന് തങ്ങിയത്. തുടര്‍ന്നുള്ള 33 വര്‍ഷത്തിനിടെ എന്‍പത് തവണ ആ പുണ്യപാദങ്ങള്‍ ഈ നഗരത്തില്‍ പതിഞ്ഞു. 

ഡല്‍ഹിയില്‍ ഏറ്റവും കൂടുതല്‍ കാലം താമസിച്ചത് ബാപ്പു തന്നെ സ്ഥാപിച്ച കിംഗ്സ്‍വേ ക്യാമ്പിലെ ഹരിജന്‍ സേവക് സംഘ് ആസ്ഥാനത്തെ ഈ രണ്ടു നില വീട്ടില്‍. പലപ്പോഴായി കസ്തൂര്‍ഭയ്‍ക്കൊപ്പം 188 ദിവസം. ചികില്‍സയ്‍ക്ക് ശേഷം വിശ്രമത്തിനായി നേതാജി സുഭാഷ്ചന്ദ്രബോസ് ഒരിക്കല്‍ ഓടിയെത്തിയതും ഇവിടേക്കാണ്. 

ഇവിടെ വച്ചാണ് ത്രിവർണ്ണ പതാകയുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുത്തത്. ആരോഗ്യം മോശമായതോടെ ഇവിടെ നിന്ന് ബിര്‍ള ഹൗസിലേക്ക് മാറി. ബാപ്പുവിന്റെ ജീവിതത്തിന്‍റെ അവസാനത്തെ 144 ദിനങ്ങളുടെ ഓര്‍മകള്‍ ബിര്‍ളഹൗസിലാണ്. 1948 ജനുവരി 30ന് വൈകിട്ട് ഗോഡ്സെയുടെ തോക്കിന് മുന്നില്‍ ഹേ റാം വിളിച്ച് പിടഞ്ഞുവീണത് ഈ മണ്ണിലാണ്.

യമുനാതീരത്തെ രാജ്ഘട്ട്. ബാപ്പു അന്ത്യവിശ്രമം കൊള്ളുന്ന, ഇന്ത്യയുടെ ആത്മാവ് കുടികൊള്ളുന്നയിടം. ജീവിതം കൊണ്ട് ബാപ്പു വരച്ചിട്ട സത്യത്തിന്‍റെയും ത്യാഗത്തിന്‍റെയും അഹിംസയുടെയും കെടാവിളക്ക് ഒരു ഓര്‍മ്മപ്പെടുത്തലായി രാജ്യത്തിന് വഴികാട്ടിയായി ഇവിടെ തെളിഞ്ഞ് കത്തുന്നു.