സീറ്റ് ബെൽറ്റ് ഇല്ല; ഒാട്ടോ ഡ്രൈവർക്ക് 1000 രൂപ പിഴ; പുതിയ നിയമത്തിൽ അവ്യക്തത

സീറ്റ് ബെൽറ്റ് ധരിക്കാത്ത ഓട്ടോറിക്ഷ ഡ്രൈവർക്കു ബിഹാറിൽ 1000 രൂപ പിഴ. പട്ന മുസഫർപുറിലെ സരൈയയിലുള്ള ഓട്ടോറിക്ഷ ഡ്രൈവറാണു പിഴയടയ്ക്കേണ്ടി വന്നത്. ഇദ്ദേഹം ദരിദ്രനായതിനാൽ ഏറ്റവും കുറഞ്ഞ തുകയാണു പിഴയിട്ടതെന്ന് പൊലീസ് പറയുന്നു. ഓട്ടോറിക്ഷകൾക്ക് സീറ്റ് ബെൽറ്റ് ഇല്ലെന്നിരിക്കെ, ശിക്ഷാ നടപടി ഓട്ടോ തൊഴിലാളികളെ ആശങ്കയിലാക്കുകയാണ്.

ഈ വർഷമാദ്യം ഭേദഗതി ചെയ്ത മോട്ടർ വാഹന നിയമപ്രകാരം ഇരുചക്രവാഹനങ്ങളിൽ ഹെൽമറ്റും കാറുകളിൽ സീറ്റ് ബെൽറ്റും ധരിക്കുന്നത് കർശനമാക്കിയിരുന്നു. ഇതു ലംഘിക്കുന്നവർക്കുള്ള പിഴ പല മടങ്ങായി വർധിപ്പിക്കുകയും ചെയ്തു. എന്നാൽ നിയമത്തിൽ മോട്ടർ വാഹനങ്ങൾ എന്നു പൊതുവായി പറയുന്നതല്ലാതെ ഓട്ടോറിക്ഷയുടെ കാര്യം പ്രത്യേകമായി പരാമർശിക്കുന്നില്ല.