ബാബർ റോഡിന്റെ പേര് മാറ്റണം; സൈൻ ബോർഡിൽ കറുപ്പടിച്ച് ഹിന്ദുസേന

ഡൽഹിയിലെ ബാബർ റോഡിലേക്കുള്ള സൈൻ ബോർഡ് കറുപ്പടിച്ച് ഹിന്ദു സേനാ പ്രവർത്തകർ. റോഡിന്റെ പേര് മാറ്റണമെന്ന ആവശ്യം ഉന്നയിച്ചാണ് ബോർഡിൽ കറുപ്പടിച്ചത്. രാജ്യത്തെ ആക്രമിച്ച വിദേശീയനായ ഒരാളുടെ പേര് റോഡിന് നൽകുന്നത് അപമാനമാണെന്നാണ് പ്രവർത്തകരുടെ വാദം. ബാബർ ക്രൂരനായ ഭരണാധികാരി ആയിരുന്നുവെന്നും ആ പേരിലുള്ള റോഡിലൂടെ സഞ്ചരിക്കുന്നത് വിഷമമാണെന്നും ഹിന്ദുസേനാ നേതാക്കൾ പറയുന്നു. രാജ്യത്തെ മഹാൻമാരുടെ ആരുടെയെങ്കിലും പേരിടണമെന്നും പ്രവർത്തകർ ആവശ്യപ്പെട്ടു. 

ബംഗാളി മാർക്കറ്റിന് സമീപം ഡൽഹിയുടെ ഹൃദയ ഭാഗത്തായാണ് ബാബർ റോഡ് സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ വർഷം ഡൽഹിയിലെ അക്ബർ റോഡ് ഒറ്റ രാത്രി കൊണ്ടാണ് മഹാറാണാ പ്രതാപ് റോഡാക്കി പേരുമാറ്റിയത്. 2015 ൽ ഔറംഗസേബ് റോഡിന്റെ പേര് ബിജെപി സർക്കാർ എപിജെ അബ്ദുൽ കലാം മാർഗ് എന്നാക്കിയിരുന്നു. മുഗൾ ഭരണാധികാരിയായ അദ്ദേഹം തീവ്രവാദിയാണെന്ന് ആരോപിച്ചായിരുന്നു അന്ന് പേര് മാറ്റിയത്. 

MORE IN INDIA