ആർട്ടിക്കിൾ 370; മോദി പ്രശംസിച്ച ലഡാക്ക് എംപിയുടെ നൃത്തം വൈറൽ; വിഡിയോ

ആര്‍ട്ടിക്കിള്‍ 370 പ്രകാരം ജമ്മു കശ്മീരിന് നല്‍കിയ പ്രത്യേക പദവി റദ്ദാക്കാനുളള പ്രമേയത്തെ കുറിച്ച്‌ ലോക്‌സഭയില്‍ പ്രസംഗം നടത്തിയ ലഡാക്ക് എം.പി ജമിയാങ്ങ് സിറിംഗ് നമാഗ്യാലിനെ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രശംസിച്ചിരുന്നു.  ലഡാക്ക് മേഖലയില്‍ നിന്നുളള പൗരന്മാര്‍ക്ക് പ്രചോദനമാകുന്നതാണ് ജമിയാങ്ങിന്റെ വാക്കുകളെന്നാണ് മോദി പറഞ്ഞത്. 

ഇപ്പോഴിതാ രാജ്യത്തിന്റെ 73-ാം സ്വാതന്ത്ര്യദിനാഘോഷവേളയിൽ സിറിംഗ് നമാഗ്യാലിന്റെ ചെറിയൊരു ഡാൻസ് വിഡിയോ പുറത്തുവന്നിരിക്കുകയാണ്. പരമ്പരാഗത ലഡാക്കി വസ്ത്രവും കറുത്ത കണ്ണടയും ധരിച്ച് കൂടെയുള്ളവർക്കൊപ്പം നൃത്തം വച്ച് ആഹ്ലാദം പങ്കിടുകയാണ് എംപി. ഇതിന്റെ വിഡിയോ എഎൻഐയാണ് ട്വിറ്ററിൽ പങ്കുവച്ചത്. 

കഴിഞ്ഞ ഏഴ് പതിറ്റാണ്ടായി ലഡാക്കിലെ ജനങ്ങള്‍ കേന്ദ്ര ഭരണ പദവിയ്ക്ക് വേണ്ടി പോരാടുകയാണെന്നാണ് ജമിയാങ്ങ് ലോകസഭയിൽ പറഞ്ഞത്. ലഡാക്ക് ഇന്ന് വികസിച്ചിട്ടില്ലെങ്കില്‍ ആര്‍ട്ടിക്കിള്‍ 370 ഉം കോണ്‍ഗ്രസ് പാര്‍ട്ടിയുമാണ് അതിന് ഉത്തരവാദികളെന്നും എം.പി പറഞ്ഞു. ഒമര്‍ അബ്ദുല്ലയുടെ ദേശീയ കോണ്‍ഫറന്‍സും, മെഹബൂബ മുഫ്തിയുടെ പിപ്പീള്‍ ഡെമോക്രാറ്റിക പാര്‍ട്ടി പോലുളളവരുടെ പ്രതിഷേധം അവഗണിക്കണം. അത് രണ്ട് കുടുംബങ്ങളുടെ കാര്യം മാത്രമാണെന്നും അന്ന് എംപി പറഞ്ഞിരുന്നു.