പ്രളയത്തിൽ മുങ്ങിയ വീടിനു മുകളിൽ മുതല; കല്ലെറിഞ്ഞ് നാട്ടുകാർ: വിഡിയോ

ബെംഗളൂരു : കനത്ത മഴയെ തുടർന്നു പ്രളയത്തിൽ മുങ്ങിയ വീടിനു മുകളിൽ മുതല. കർണാടകയിൽ മഴക്കെടുതി ഏറ്റവുമധികം ബാധിച്ച ജില്ലകളിലൊന്നായ ബെൽഗാമിലെ റേബാഗ് താലൂക്കിലാണ് സംഭവം. പ്രളയത്തിൽ മുങ്ങിയ വീടിനു മുകളിലുള്ള മുതലയുടെ ദൃശ്യങ്ങൾ വാർത്താ ഏജൻസിയാണ് പുറത്തുവിട്ടത്.

പത്ത് അടിയോളം നീളമുള്ള മുതലയെ വീടിന്റെ മേൽകൂരയിലാണ് കാണപ്പെട്ടത്. ഒരു മണിക്കൂറോളം മേൽക്കൂരയിൽ കഴിഞ്ഞ മുതലയ്ക്കു നേരെ നാട്ടുകാർ കല്ലെറിഞ്ഞതോടെ വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തും മുൻപേ മുതല വെള്ളത്തിലേക്കിറങ്ങി രക്ഷപ്പെട്ടു.

അതേസമയം, വെള്ളപ്പൊക്കത്തിലും ഉരുള്‍പൊട്ടലിലും വീട് നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് അഞ്ചുലക്ഷം രൂപവീതം നഷ്ടപരിഹാരം നല്‍കുമെന്ന് മുഖ്യമന്ത്രി ബി.എസ്. യെഡ്യൂയരപ്പ അറിയിച്ചു. അടിയന്തര സഹായമായി 10,000 രൂപവീതം തിങ്കളാഴ്ച രാത്രി മുതല്‍ വിതരണം ചെയ്യും. പ്രളയത്തില്‍ ഇതുവരെ 42 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടുവെന്നാണ്  മുഖ്യമന്ത്രിയുടെ ഓഫിസ് പുറത്തുവിട്ട കണക്ക്.