പദ്ധതി പൊളിയുന്നു; അന്തർസംസ്ഥാന റൂട്ടുകളിൽ സ്വകാര്യകുത്തക തുടരും

ആഡംബര ബസുകള്‍ വാടകയ്ക്ക് എടുത്ത് സര്‍വീസ് നടത്താനുള്ള കെ.എസ്.ആര്‍.ടി.സി പദ്ധതി പൊളിയുന്നു. ബസുകള്‍ വാടകയ്ക്ക് ആവശ്യപെട്ടുള്ള സര്‍ക്കാര്‍ ടെണ്ടറിനോട് ഒരാള്‍ പോലും പ്രതികരിച്ചില്ല. ഇതോടെ അന്തര്‍സംസ്ഥാന റൂട്ടുകളിലെ സ്വകാര്യ ബസ് കമ്പനികളുടെ കുത്തക തകര്‍ക്കാനുള്ള സര്‍ക്കാര്‍ നടപടികളും അവതാളത്തിലായി. തുടക്കത്തില്‍ അന്‍പത് ബസുകള്‍ വാടകയ്ക്ക് എടുക്കാനായിരുന്നു പദ്ധതി. 

കല്ലട ട്രാവല്‍സിന്റെ ബസില്‍ നടന്ന ഈ ക്രൂരതയ്ക്ക് ശേഷമാണ് അന്തര്‍സംസ്ഥാന റൂട്ടുകള്‍ തിരികെ പിടിക്കാന്‍ കെ.എസ്.ആര്‍.ടി.സി ശ്രമം തുടങ്ങിയത്. ഇതിനായി മള്‍ട്ടി ആക്സില്‍ ആഡംബര ബസുകള്‍ വാടകയ്ക്ക് എടുക്കാന്‍ സര്‍ക്കാര്‍ അനുമതിയും നല്‍കി. ടെണ്ടര്‍  വിളിച്ചെങ്കിലും ഒരാള്‍ പോലും പങ്കെടുത്തില്ല.

വ്യവസ്ഥകളില്‍ കൂടുതല്‍ ഇളവുകള്‍ വരുത്തി വീണ്ടും ടെണ്ടര്‍ വിളിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിലവില്‍ കെ.എസ്.ആര്‍.ടി.സിയ്ക്ക് വാടകയ്ക്ക് ബസുകള്‍ നല്‍കിയ മുംബൈയിലെ കമ്പനിയും പുതിയ ടെണ്ടറില്‍ പങ്കെടുത്തില്ല. ഇതിനു പിന്നില്‍ അന്തര്‍സംസ്ഥാന സര്‍വീസ് നടത്തുന്ന ബസുടമകളാണെന്നാണ് സൂചന.