പ്രിയങ്കയ്ക്കെതിരെ മല്‍സരിക്കാനില്ലെന്ന് വരുണ്‍ ഗാന്ധി; ബിജെപി ആവശ്യം തള്ളി

varun-gandhi-priyanka-gandhi
SHARE

ഉത്തര്‍പ്രദേശിലെ റായ്ബറേലി ലോക്സഭാ സീറ്റില്‍ നിന്നും മല്‍സരിക്കാനുള്ള ബി.െജ.പി ആവശ്യം നിരസിച്ച് വരുണ്‍ ഗാന്ധി. കോണ്‍ഗ്രസ് ശക്തികേന്ദ്രമായ റായ്ബറേലിയില്‍ പ്രിയങ്ക ഗാന്ധി സ്ഥാനാര്‍ഥിയാകുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് മണ്ഡലത്തിലേക്ക് വരുണ്‍ ഗാന്ധിയെ ബി.ജെ.പി പരിഗണിച്ചത്. എന്നാല്‍ പാര്‍ട്ടിയുടെ ഈ ആവശ്യം വ്യക്തിപരമായ കാരണങ്ങളാല്‍ വരുണ്‍ ഗാന്ധി നിരസിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. 

പിലിഭിത് ലോക്സഭാ മണ്ഡലത്തില്‍ നിന്നുള്ള ബി.ജെ.പിയുടെ സിറ്റിങ് എംപിയായ വരുണ്‍ ഗാന്ധിക്ക് പാര്‍ട്ടി ഇത്തവണ സീറ്റ് നിക്ഷേധിച്ചിരുന്നു. ഉത്തര്‍പ്രദേശ് മന്ത്രിസഭാംഗമായ ജിതിന്‍ പ്രസാദയ്ക്കാണ് ബി.െജ.പി പിലിഭിത്തില്‍ സീറ്റ് നല്‍കിയത്. വരുണിന്‍റെ അമ്മ മേനക ഗാന്ധിക്ക് സുല്‍ത്താന്‍പൂരില്‍ നിന്ന് മല്‍സരിക്കുന്നുണ്ട്. 

അതേസമയം അമേഠിയിലെയും റായ്ബറേലിയിലെയും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സംബന്ധിച്ച് ഇതുവരെയും വ്യക്തത വന്നിട്ടില്ല. കോണ്‍ഗ്രസ് അധ്യക്ഷയായിരുന്ന സോണിയ ഗാന്ധി തുടര്‍ച്ചയായ നാല് തിരഞ്ഞെടുപ്പുകളില്‍ വിജയിച്ച മണ്ഡലമാണ് റായ്ബറേലി. രാജ്യസഭാംഗമായി സോണിയ തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് മണ്ഡലത്തിലേക്ക് പുതിയ സ്ഥാനാര്‍ഥിയെ കോണ്‍ഗ്രസിന് പരിഗണിക്കേണ്ടി വന്നത്. ഇവിടെ പ്രിയങ്ക ഗാന്ധി സ്ഥാനാര്‍ഥിയായി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

രാഹുല്‍ ഗാന്ധി തന്നെ അമേഠിയില്‍ മല്‍സരിക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. രാഹുല്‍ മല്‍സരിക്കുന്ന വയനാട്ടിലെ തിരഞ്ഞെടുപ്പിന് ശേഷം രാഹുല്‍ അമേഠിയിലെത്തുമെന്നും അടുത്താഴ്ച പത്രിക സമര്‍പ്പിക്കുമെന്നുമാണ് റിപ്പോര്‍ട്ട്. ശുഭ മുഹൂര്‍ത്തത്തില്‍ രാഹുല്‍ അമേഠിയിലെത്തുമെന്നും ഇത്തവണ ഏറ്റവും ഉയര്‍ന്ന വോട്ടിന് വിജയിക്കുമെന്നും മുന്‍ എംഎല്‍സിയും അമേഠിയില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവുമായ ദീപക് സിങ് വാര്‍ത്ത് ഏജന്‍സിയോട് പറഞ്ഞു.

കോണ്‍ഗ്രസ് സ്വഭാവമുള്ള മണ്ഡലമായ റായ്ബറേലിയില്‍ വര്‍ഷങ്ങളായി കോണ്‍ഗ്രസിന് കളം നഷ്ടമാകുന്നുണ്ട്. സോണിയയ്ക്ക് മുന്‍പ് പ്രധാനമന്ത്രി ഇന്ദിര ഗാന്ധി മൂന്ന് വട്ടം മണ്ഡലത്തിലെ എംപിയായിരുന്നു. ഇന്ദിരയുടെ ഭര്‍ത്താവ് ഫിറോസ് ഗാന്ധി 1952ലും 1957 ലും മണ്ഡലത്തില്‍ നിന്ന് വിജയിച്ചിരുന്നു. റായ്ബറേലി കോൺഗ്രസിന്‍റെ കോട്ടയായി തുടരുമ്പോഴും മണ്ഡലത്തിലെ ശക്തമായ രണ്ട് എംഎല്‍എമാരായ സമാജ്‌വാദി പാർട്ടിയുടെ മനോജ് പാണ്ഡെയും കോൺഗ്രസിൻറെ അദിതി സിംഗും ബിജെപിക്കൊപ്പം ചേര്‍ന്നത് കോണ്‍ഗ്രസിന് തിരിച്ചടിയാണ്. അതോടൊപ്പം വര്‍ഷങ്ങളായി പാര്‍ട്ടിയുടെ വോട്ട് വിഹിതം മണ്ഡലത്തില്‍ കുറഞ്ഞു വരികയാണ്. 2009 ല്‍ 72 ശതമാനം വോട്ട് വിഹിതത്തോടെയാണ് സോണിയ ഗാന്ധി വിജയിച്ചത്. 2014 ല്‍ 63 ശതമാനമായും 2019 തില്‍ 55 ശതമാനമായും ഇത് കുറഞ്ഞിട്ടുണ്ട്.

Varun Gandhi Reject BJP Offer To Contest Against Priyanka In Raebareli

MORE IN INDIA
SHOW MORE