ആദ്യം ബാറ്റ് കൊണ്ടടിച്ചോടിച്ചു; പിന്നാലെ ജെസിബി കൊണ്ട് പൊളിച്ചു; നഗരസഭയ്ക്ക് കയ്യടി

നടപടിയെടുക്കാനെത്തിയ ഉദ്യോഗസ്ഥനെ എംഎല്‍എ ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിച്ചോടിച്ചിട്ടും അനധികൃതകയ്യേറ്റം നഗരസഭ പൊളിച്ചടുക്കി.  ഇൻഡോറിലെ ഗഞ്ച് പ്രദേശത്ത് അനധികൃതമായി സ്ഥാപിക്കപ്പെട്ട കെട്ടിടം പൊളിച്ചു നീക്കാൻ ഉദ്യോഗസ്ഥർ എത്തിയപ്പോഴായിരുന്നു ബിജെപി എംഎല്‍എ ആകാശ് വിജയവര്‍ഗിയ കോര്‍പ്പറേഷന്‍ അധികൃതരെ അക്രമിച്ചത്. ഇൗ സംഭവം വലിയ വിവാദവുമായി.  എംഎല്‍എയുടെ നടപടിയെ വിമര്‍ശിച്ച് പ്രധാനമന്ത്രി വരെ രംഗത്തെത്തിയിരുന്നു. എന്നാല്‍ നഗരസഭ ശക്തമായി മുന്നോട്ടുപോവുകയും ബഹുനില കെട്ടിടം പൊളിച്ച് നീക്കുകയും ചെയ്തു.

കെട്ടിടത്തിന്‍റെ ഉടമയായ ഭുരെ ലാല്‍ കെട്ടിടം പൊളിക്കുന്നതിനെതിരെ മധ്യപ്രദേശ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. കോടതി ഹര്‍ജി തള്ളിയതോടെയാണ് നഗരസഭ കെട്ടിടം പൊളിച്ചുനീക്കിയത്. ലാലിന് മൂന്ന് മാസം താത്കാലികമായി താമസിക്കാന്‍ സൗകര്യമൊരുക്കണമെന്ന് മുന്‍സിപ്പല്‍ കൗണ്‍സിലിനോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ഇതോടെയാണ് എല്ലാ എതിര്‍പ്പുകളെയും മറികടന്ന നഗരസഭ കെട്ടിടം പൊളിച്ചുനീക്കിയത്. ബിജെപി മുതിര്‍ന്ന നേതാവ് കൈലാഷ് വിജയവര്‍ഗിയയുടെ മകനാണ് ആകാശ് വിജയവര്‍ഗിയ. 'ആരുടെ മകനായാലെന്ത് ഇതൊന്നും സഹിക്കാന്‍ കഴിയില്ല'  എന്നായിരുന്നു വിഷയത്തിൽ നരേന്ദ്രമോദിയുടെ പ്രതികരണം.