ഉദ്യോഗസ്ഥരെ കാത്ത് സർക്കാർ ഓഫീസുകൾ; ഏഴുലക്ഷം ഒഴിവുണ്ടെന്ന് മന്ത്രി

രാജ്യത്തെ വിവിധ സർക്കാർ വകുപ്പുകളിലായി ഏഴുലക്ഷം പേരുടെ ഒഴിവുണ്ടെന്ന് കേന്ദ്ര തൊഴിൽ വകുപ്പ് മന്ത്രി സന്തോഷ് ഗാങ്വർ. റെയിൽവേയിൽ മാത്രം 2.6 ലക്ഷം ഒഴിവുകളുണ്ടെന്നും അദ്ദേഹം ലോക്സഭയിൽ വ്യക്തമാക്കി. മാർച്ച് 2018 വരെയുള്ള കണക്കാണിത്. രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമായിരിക്കുന്നതിനിടയിലാണ് മന്ത്രിയുടെ വെളിപ്പെടുത്തൽ.

ഒഴിവുള്ള തസ്തികകളിൽ എത്രയെണ്ണം നികത്തിയെന്നും അതിനായി സർക്കാർ എന്ത് നടപടി സ്വീകരിച്ചുവെന്നുമുള്ള എംപിമാരുടെ ചോദ്യത്തിന് അദ്ദേഹം കൃത്യമായ മറുപടി നൽകിയില്ല. അതത് സംസ്ഥാന സർക്കാരുകളുടെ ഉത്തരവാദിത്തത്തിലാണ് പലതും വരുന്നതെന്നും ഒഴിവുകൾ നികത്താൻ സംസ്ഥാനങ്ങൾ ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

റെയിൽവേയാണ് നിലവിൽ രാജ്യത്തെ ഏറ്റവും വലിയ തൊഴിൽ ദാതാവ്. 15 ലക്ഷം ജീവനക്കാർ റെയിൽവേയിൽ ജോലി ചെയ്തുവരുന്നുവെന്നാണ് കണക്ക്. ഇതിൽ ഗസറ്റഡ് നോൺഗസറ്റഡ് വിഭാഗങ്ങളിലായി മാത്രം 2.59 ലക്ഷം ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നാണ് സർക്കാരിന്റെ കണക്ക്. പ്രതിരോധ മന്ത്രാലയത്തിൽ രണ്ട് ലക്ഷത്തിനടുത്ത് തൊഴിൽ അവസരങ്ങളും ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ വിവിധ ഡിപാർട്ട്മെന്റുകളിലായി ഒരു ലക്ഷത്തോളം ഒഴിവുകളും നിലവിലുണ്ട്.