നിർണായക സാക്ഷികളെ ഒഴിവാക്കി; എല്ലാം കളി; തടവിനെതിരെ സഞ്ജീവ് ഭട്ടിന്റെ വാദം

ഗുജറാത്ത് മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥനും മോദിയുടെ കടുത്ത വിമർശകനുമായി സഞ്ജീവ് ഭട്ടിന് ജീവപര്യന്തം തടവിന് ശിക്ഷ. ഗുജറാത്തിലെ ജാംനഗര്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. 30 വര്‍ഷം മുമ്പുള്ള കസ്റ്റഡി മരണക്കേസിലാണ് ശിക്ഷ.

എന്നാൽ തനിക്കെതിരെ നീതിപൂർവ്വമായ വിചാരണ നടന്നിട്ടില്ലെന്നാണ് സഞ്ജീവ് ഭട്ട് വാദിക്കുന്നത്. ഒരാഴ്ച മുമ്പ് സുപ്രീം കോടതിയില്‍ നല്‍കിയ ഹർജിയിലാണ് ഭട്ട് ഇത്തരമൊരു ആരോപണം ഉന്നയിക്കുന്നത്. പ്രോസിക്യൂഷന്‍ 300 സാക്ഷികളുടെ പേരാണ് ലിസ്റ്റ് ചെയ്തത്. അതില്‍ 32 പേരെ മാത്രമാണ് വിചാരണ വേളയില്‍ വിസ്തരിച്ചത്.

നിര്‍ണായകമായ പല സാക്ഷികളെയും ഒഴിവാക്കി. അന്വേഷണത്തില്‍ പങ്കാളിയായിരുന്ന മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍, കസ്റ്റഡി മരണം നടന്നിട്ടില്ലെന്ന് പറഞ്ഞ മറ്റുചില സാക്ഷികള്‍ എന്നിവരെ പ്രോസിക്യൂഷന്‍ വിസ്തരിച്ചില്ലെന്നും സഞ്ജീവ് ഭട്ട് ആരോപിച്ചിരുന്നു.

1989ല്‍ പ്രബുദാസ് മാധവ്ജി വൈഷ്ണവിയുടെ മരണവുമായി ബന്ധപ്പെട്ടാണ് കേസ്. ജാം നഗര്‍ സ്റ്റേഷനിലെ അസിസ്റ്റന്റ് സൂപ്രണ്ടായിരുന്നു അന്ന് സഞ്ജീവ് ഭട്ട്.  ജാം ജോധ്പൂരിൽ നടന്ന വർഗീയസംഘർഷവുമായി  ബന്ധപ്പെട്ടാണ് വൈഷ്്ണവി അടക്കമുള്ള എകദേശം 150 പേരെ കസ്റ്റഡിയിലെടുത്തത്. 

ഒമ്പത് ദിവസമാണ് ഇയാളെ തടവിലിട്ടത്. മോചിപ്പിക്കപ്പെട്ടതിന് ശേഷം 10ാം ദിവസമാണ് ഇയാള്‍ മരിച്ചത്. വൃക്ക തകരാറാണ് മരണ കാരണമായത് എന്നായിരുന്നു മെഡിക്കല്‍ റിപ്പോര്‍ട്ട്. സഞ്ജീവ് ഭട്ട് ഉള്‍പ്പെടെയുള്ളവരെ പ്രതിചേര്‍ത്ത് കേസ് എടുത്തെങ്കിലും 2011 വരെ വിചാരണ ആരംഭിച്ചിരുന്നില്ല. ഗുജറാത്ത് ഹൈക്കോടതിയുടെ സ്‌റ്റേ കാരണമായിരുന്നു ഇത്. ഇന്നാണ് കേസില്‍ സഞ്ജീവ് ഭട്ടിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചുകൊണ്ടുള്ള കോടതി ഉത്തരവ് വന്നത്. 

1996ല്‍ സഞ്ജീവ് ഭട്ട്, ബനാസ്‌കാന്ത എസ്പിയായിരിക്കെ അഭിഭാഷകനെ ലഹരിമരുന്നു കേസില്‍ കുടുക്കാന്‍ ശ്രമിച്ചെന്ന കേസിലാണ് മുൻ പൊലീസ് ഉദ്യോഗസ്ഥൻ ഇപ്പോൾ അറസ്റ്റിലായത്.  2018 സെപ്റ്റംബര്‍ 22 മുതല്‍ സഞ്ജീവ് ഭട്ട് ജയിലിലാണ്.

ഗുജറാത്ത് കലാപത്തിന് അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദി ഒത്താശ ചെയ്‌തെന്നാരോപിച്ചു 2011ല്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയതോടെയാണു സഞ്ജീവിനെതിരായ നടപടികള്‍ തുടങ്ങിയത്. അനധികൃതമായി ജോലിയില്‍ ഹാജരായില്ലെന്ന കാരണത്തില്‍ 2015ല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഭട്ടിനെ സര്‍വീസില്‍നിന്നു പുറത്താക്കി.