തീരം തൊട്ടില്ലെങ്കിലും ഗുജറാത്തിൽ നാശം വിതച്ച് 'വായു'; അതീവജാഗ്രത തുടരുന്നു

തീരം തൊട്ടില്ലെങ്കിലും ഗുജറാത്തിൽ കനത്ത നാശംവിതച്ച് വായുചുഴിലിക്കാറ്റ്. കച്ച്, സൗരാഷ്ട്ര മേഖലകളെയാണ്  പ്രധാനമായും ബാധിച്ചത്. അടുത്ത 24 മണിക്കൂർകൂടി കാറ്റു മഴയും തുടരുമെന്നാണ് മുന്നറിയിപ്പ്. 

ഗുജറാത്തിനുനേരെ ചുഴിലിക്കണ്ണ് തിരിച്ചെങ്കിലും ദിശമാറിയ വായു നിലവിൽ ഒമാൻ തീരം ലക്ഷ്യമിട്ടാണ് നീങ്ങുന്നത്. മണിക്കൂറിൽ 100 മുതൽ 110 കിലോമീറ്റർ വേഗത്തിലാണ് കാറ്റിന്റെ സഞ്ചാരം. വായു പ്രഭാവത്തിൽ ഗുജറാത്തിന്റെ തീരമേഖലയിൽ കനത്ത നാശനഷ്ടമാണുണ്ടായത്.  വീടുകൾ ഉൾപ്പടെ നിരവധി കെട്ടിടങ്ങൾ തകർന്നു. പോർബന്തർ, കച്ച്, വെരാവൽ തീരപ്രദേശങ്ങളിലെ റോഡുകൾ തകർന്നു. കാറ്റിന് ശമനമുണ്ടായപ്പോൾ ഭാഗികമായി പുനസ്ഥാപിച്ച റയിൽ ഗതാഗതം വീണ്ടും നിർത്തി. മുഖ്യമന്ത്രി വിജയ് രൂപാണിയുടെ നേതൃത്വത്തിൽ  ചേർന്ന ഉന്നതതല യോഗം സ്ഥിതിഗതികൾ വിലയിരുത്തി.

ദുരിതാശ്വാസ ക്യാംപുകളിൽ കഴിയുന്ന മൂന്നു ലക്ഷത്തോളം ആളുകൾക്ക് അടിയന്തര ധനസഹായം അനുവദിക്കാൻ ഗുജറാത്ത് സർക്കാർ തീരുമാനിച്ചു. വായു തകർത്ത അഞ്ഞുറിലധികം ഗ്രാമങ്ങളിൽ 114 ഇടത്ത് വൈദ്യുതി ബന്ധം പു:സ്ഥാപിച്ചിട്ടുണ്ട്. ചുഴിലിക്കാറ്റ് ഭീഷണി ഒഴിഞ്ഞെങ്കിലും മേഖലയിൽ അതീവജാഗ്രത തുടരുകയാണ്.