അമേഠിയിലെ കൊലയ്ക്ക് പിന്നിൽ പ്രദേശികപാർട്ടി കുടിപ്പക; വെളിപ്പെടുത്തി യുപി ഡിജിപി

അമേഠിയിൽ സ്മൃതി ഇറാനിയുടെ സുഹൃത്ത് കൊലപ്പെടുത്തിയതിന് പിന്നിൽ പ്രദേശിക പാർട്ടി പ്രവർത്തകർക്കിടിയിലെ കുടിപ്പകയെന്ന് പൊലീസ്. രാഹുൽ ഗാന്ധിയെ പരാജയപ്പെടുത്തി സ്മൃതി ഇറാനി വിജയിച്ചതിന് പിന്നാലെയാണ് നടുക്കുന്ന കൊലപാതകം നടന്നത്. സ്മൃതിയുടെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച  അമേഠിയിലെ ബരോലി ഗ്രാമത്തിലെ മുന്‍ ഗ്രാമത്തലവനായ സുരേന്ദ്രസിങാണ് കൊല്ലപ്പെട്ടത്. ഇയാളെ വെടിയേറ്റ് മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.

പ്രാദേശിക പ്രശ്നങ്ങളാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടുപേർ ഒളിവിലാണെന്ന് പൊലീസ് വ്യക്തമാക്കുന്നു. അഞ്ചുപേർ ചേർന്നാണ് കൊലപാതകം നടത്തിയത്. പ്രതികളിലൊരാൾക്ക്  പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ മോഹമുണ്ടായിരുന്നു. എന്നാൽ ഇതിനെ സുരേന്ദ്രസിങ് എതിർത്തിരുന്നു. ഇതോടെയാണ് ഇരുവർക്കുമിടയിൽ പ്രശ്നങ്ങൾ ആരംഭിച്ചത്. ഇൗ പകയാണ് ഇപ്പോൾ കൊലപാതകത്തിൽ കലാശിച്ചതെന്നും സംസ്ഥാന പൊലീസ് മേധാവി ഒ.പി സിങ് പറഞ്ഞു.

എന്നാല്‍ ഒരു പാര്‍ട്ടിയുടെയും പേര് തങ്ങള്‍ പറഞ്ഞിട്ടില്ലെന്നും ഈ തരത്തില്‍ വന്ന വാര്‍ത്തകള്‍ ശരിയല്ലെന്നും യുപി പൊലീസ് അറിയിച്ചു. 

സുരേന്ദ്രസിങിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ സ്മൃതി ഇറാനി അദ്ദേഹത്തിന്റെ ശവമഞ്ചം ചുമന്നതും വലിയ വാർത്തയായിരുന്നു.  കോൺഗ്രസ് മണ്ഡലമായ അമേഠിയിൽ രാജ്യത്തെ ഞെട്ടിച്ച വിജയമായിരുന്നു സ്മൃതി ഇറാനി സ്വന്തമാക്കിയത്. രാഹുൽ ഗാന്ധിയെ 55,000 വോട്ടുകൾക്കാണ് മുൻകേന്ദ്രമന്ത്രി കൂടിയായ സ്മൃതി ഇറാനി പരാജയപ്പെടുത്തിയത്. ഇൗ വിജയത്തിന് പിന്നിൽ സജീവമായി പ്രവർത്തിച്ച ആളാണ് സുരേന്ദ്രസിങ്.