ഇനി എങ്ങനെ പാക്കിസ്ഥാനെ കുറ്റപ്പെടുത്തും; പ്രജ്ഞയുടെ ജയത്തെ വിമർശിച്ച് സ്വര ഭാസ്കർ

ഭോപ്പാലിൽ പ്രജ്ഞാ സിങ് ഠാക്കൂറിന്റെ വിജയത്തെ പരിഹസിച്ച് ബോളിവുഡ് നടി സ്വര ഭാസ്കർ. ചരിത്രത്തിലാദ്യമായി ഭീകരാക്രമണക്കേസ് പ്രതിയെ ഞങ്ങൾ പാർലമെന്റിലേക്ക് അയക്കുന്നു എന്നായിരുന്നു സ്വരയുടെ ട്വീറ്റ്. 

''ഇന്ത്യയുടെ ഈ പുതിയ ആരംഭത്തിൽ സന്തോഷം. ആദ്യമായി ഞങ്ങൾ ഭീകരാക്രമണ കേസിൽ പ്രതിയായ ഒരാളെ പാര്‍ലമെന്റിലേക്ക് അയക്കുകയാണ്. ഇനി നമുക്കെങ്ങനെ പാക്കിസ്ഥാനെ കുറ്റപ്പെടുത്താനാകും''-സ്വര ചോദിക്കുന്നു. 

പാക്കിസ്ഥാനിൽ ഭീകരവാദി ഹാഫിസ് സെയ്ദിന്റെ പാർട്ടി തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ പാക് ജനത പ്രതിരോധിക്കുകയാണ്. എന്നാൽ ഇന്ത്യയിൽ ഭീകരവാദികളെ അഭിമാനത്തോടെ പാർലമെന്റിലേക്കയക്കുകയാണെന്നും സ്വര പറഞ്ഞു. 

സംഘപരിവാർ സംഘടനകൾക്കെതിരെ മുൻപും ശക്തമായ നിലപാട് വ്യക്തമാക്കിയിട്ടുള്ള നടിയാണ് സ്വര. പ്രജ്ഞാ സിങ് ഠാക്കൂറിന്റെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ച സമയത്ത് തന്നെ താരം വിമർശനവുമായി രംഗത്തെത്തിയിരുന്നു. 

ബിഹാറിലെ ബെഗുസരായിയിൽ മത്സരിച്ച സിപിഐ സ്ഥാനാർഥി കനയ്യ കുമാറിന്റെ പ്രചാരണ പരിപാടികളിൽ സജീവമായിരുന്നു സ്വര. മലേഗാവ് സ്ഫോടനക്കേസിലെ മുഖ്യ പ്രതിയായ പ്രജ്ഞാ സിങിന്റെ സ്ഥാനാർഥിത്വം തുടക്കം മുതൽ വലിയ ചർച്ചയായിരുന്നു. 

മൂന്നര ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ്ങിനെ പ്രജ്ഞാ പരാജയപ്പെടുത്തിയത്. പ്രചാരണ വേളയില്ഡ ഗോഡ്സെ രാജ്യസ്നേഹിയാണെന്നുള്ള പരാമർശത്തെ നരേന്ദ്രമോദിയും അമിത് ഷായുമടക്കമുള്ള നേതാക്കൾ തള്ളിപ്പറഞ്ഞിരുന്നു. 2008 ‌മലേഗാവ് സ്ഫോടനത്തിൽ ഒൻപത് വർഷം തടവിലായിരുന്നു പ്രജ്ഞാ.