സര്‍വേകളില്‍ ‘താമരക്കയ്യേറ്റം’; ആടിയുലയാതെ എന്‍ഡിഎ കുതിപ്പ്; മോദി തരംഗമോ?

കോൺഗ്രസ്, മൂന്നാം മുന്നണി തുടങ്ങി പ്രതിപക്ഷ പാർട്ടികളുടെ ക്യാംപിന് കടുത്ത നിരാശ സമ്മാനിച്ച വൈകുന്നേരം. അവരെ പാടെ നിരാശരാക്കി 17–ാം ലോക്സഭയിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത്. എൻഡിഎ ഭൂരിപക്ഷം നേടി തുടർഭരണം സ്വന്തമാക്കുമെന്നാണ് പുറത്തുവന്ന ഭൂരിപക്ഷം സർവെകളും വ്യക്തമാക്കുന്നത്. മോദി തരംഗത്തിന്റെ സൂചന നൽകുന്നതാണ് തെക്കേ ഇന്ത്യ ഒഴികെയുള്ള സ്ഥലങ്ങളിൽ നിന്നുള്ള എക്സിറ്റ്പോൾ സൂചിപ്പിക്കുന്നത്. ഇതിൽ കർണാടകയിൽ ബിജെപി കരുത്താകുമെന്ന് ചില റിപ്പോർട്ടുകൾ പറയുന്നു.

ഹിന്ദി ഹൃദയഭൂമികളിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ നേരിട്ട പരാജയം ലോകസ്ഭാ തിരഞ്ഞെടുപ്പിൽ ബാധിച്ചിട്ടില്ല എന്നാണ് എല്ലാ റിപ്പോർ‌ട്ടുകളും സൂചിപ്പിക്കുന്നത്. ഉത്തർപ്രദേശിൽ മാത്രമാണ് ബിജെപിക്ക് തിരിച്ചടി പ്രതീക്ഷിക്കുന്നത്. 2014 ബിജെപിയും എൻഡിഎയും ആവർത്തിക്കുമെന്നാണ് സൂചന. ബംഗാളിൽ പോലും ബിജെപി നിലമെച്ചപ്പെടുത്തി നേട്ടമുണ്ടാക്കുമെന്നാണ് സർവെകൾ സൂചിപ്പിക്കുന്നത്. തമിഴ്നാടും കേരളവും കോൺഗ്രസ് സഖ്യത്തിന് മികച്ച പിന്തുണ നൽകിയ സൂചനകൾ പുറത്തുവരുന്നുണ്ട്. 

ടൈംസ് നൗ– വിഎംആർ എക്സിറ്റ് പോൾ ഫലമനുസരിച്ച് എൻഡിഎയ്ക്ക് 306 സീറ്റു ലഭിക്കുമെന്നാണ് പ്രവചനം. യുപിഎ 132 സീറ്റുകളും മറ്റുള്ളവർ 104 സീറ്റുകളും സ്വന്തമാക്കുമെന്നും ടൈംസ് നൗ പ്രവചനം. റിപ്പബ്ലിക് – സീവോട്ടർ സർവേപ്രകാരം എൻഡിഎ 287 സീറ്റുകൾ സ്വന്തമാക്കും. യുപിഎ 129ഉം മറ്റുള്ളവർ 127ഉം സീറ്റുകൾ സ്വന്തമാക്കുമെന്നും പറയുന്നു.

ഇന്ത്യ ടുഡെ – ആക്സിസ് സർവേ പ്രകാരം കേരളത്തിൽ യുഡിഎഫിന് 15 മുതൽ 16 വരെ ലഭിച്ചേക്കുമെന്നാണ് പ്രവചനം. എൽഡിഎഫിന് മൂന്നു മുതൽ അഞ്ചുവരെ സീറ്റുകളും എൻഡിഎയ്ക്ക് ഒരു സീറ്റും ലഭിച്ചേക്കാം. എൻഡിഎ തിരുവനന്തപുരത്ത് വിജയിച്ചേക്കുമെന്നാണ് ഇന്ത്യാ ടുഡെ പ്രവചിക്കുന്നത്. കേരളത്തിലെ സീറ്റു പ്രവചനവുമായി മനോരമ ന്യൂസ് – കാർവി ഇൻസൈറ്റ്സ് എക്സിറ്റ് പോൾ ഫലപ്രഖ്യാപനവും അൽപസമയത്തിനകം പുറത്തുവരും. 

ദക്ഷിണേന്ത്യയില്‍ യു.പി.എ. മുന്നേറുമെന്ന് ഇന്ത്യ ടുഡേ പോള്‍. ദക്ഷിണേന്ത്യയില്‍ യുപിഎ 55 – 63  സീറ്റ് നേടാമെന്നാണ് പ്രവചനം. എന്‍ഡിഎ 23-33, മറ്റുള്ളവര്‍ 35 –46 എന്നിങ്ങനെയാണ് സീറ്റ് നില. തമിഴ്നാട്ടില്‍ ഡിഎംകെ 38 സീറ്റ് വരെ നേടാമെന്നും ഇന്ത്യ ടുഡേ പോള്‍. കര്‍ണാടകയില്‍ ബിജെപി 21–25, കോണ്‍ഗ്രസ് 3–6, ജെഡിഎസ് 1–3 എന്നിങ്ങനെയാണ് സീറ്റ് നില. 

കേരളത്തില്‍ യുഡിഎഫ് 15–16 സീറ്റ് നേടുമെന്ന് ആക്സിസ് എക്സിറ്റ് പോള്‍. എല്‍ഡിഎഫ് അഞ്ചുസീറ്റ് വരെ നേടാം, ബിജെപി പത്തനംതിട്ട നേടുമെന്ന് പ്രവചനം.  ന്യൂസ് എക്സ് യുഡിഎഫ് 15, എല്‍ഡിഎഫ് 4, ബിജെപി 1 എന്നിങ്ങനെയാണ് കേരളത്തിലെ നില.