ആളെക്കൂട്ടി മോദിയെ ‘പൊളിച്ചടുക്കി’ രാജ് താക്കറെ; മഹാരാഷ്ട്രയില്‍ ബിജെപിക്ക് നെഞ്ചിടിപ്പ്

മഹാരാഷ്ട്രയിൽ ബിജെപി-ശിവസേന വോട്ടുകളിൽ വിള്ളലുണ്ടാക്കാൻ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ് എംഎൻഎസ് നേതാവ് രാജ് താക്കറെ. നരേന്ദ്രമോദിയുടെ ഭരണവീഴ്ചകളും പാഴായ വാഗ്ദാനങ്ങളും ബിഗ് സ്ക്രീനിൽ പ്രദർശിപ്പിച്ച് പ്രതിപക്ഷസഖ്യത്തിനായി വോട്ടുതേടുകയാണ് അദ്ദേഹം. രാജ് താക്കറെയെ കേൾക്കാന്‍ ഓരോ സമ്മേളനത്തിലും വൻജനക്കൂട്ടമാണ് വന്നുചേരുന്നത്.  

പ്രധാനമന്ത്രി നരേന്ദ്രമോദിയെ കടുത്തഭാഷയിൽ വിമർശിച്ചും പരിഹസിച്ചുമാണ് രാജ് താക്കറെയുടെ പ്രസംഗം. മോദിയുടെ വാഗ്ദാനലംഘനങ്ങള്‍ എന്ന തരത്തില്‍ കത്തിക്കയറുന്ന പ്രസംഗത്തിൽ നോട്ട് നിരോധനവും, ജിഎസ്ടിയും, ഇന്ധനവിലയും, റഫാലും, കാർഷികപ്രശ്നങ്ങളുമെല്ലാം വിഷയമാകും. ഇതിനെയെല്ലാം മൻമോഹൻസിങിൻറെ കാലഘട്ടമായി താരതമ്യംചെയ്യും. എന്നിട്ട്, മൈതാനം തിങ്ങിനിറഞ്ഞ ജനക്കൂട്ടത്തിനോട് അദ്ദേഹം ചോദിക്കും. 'നിങ്ങൾക്കിനിയും മോദിയെ വേണമോ'യെന്ന്. 

കേവലം രാഷ്ട്രീയപ്രസംഗം എന്നതിലുപരി 'ബിജെപിയെ പൊളിച്ചടുക്കുക' എന്നതാണ് രാജ് താക്കറെ ലൈൻ. മോദിയുടെ ഭവനപദ്ധതിയിൽ ആനുകൂല്യം ലഭിച്ചെന്ന തരത്തിൽ ബിജെപി അനുകൂല പേജുകളിൽ പ്രത്യക്ഷപ്പെട്ട കുടുംബത്തെ സ്റ്റേജിലെത്തിച്ച്, ഫോട്ടോഷോപ്പ് രാഷ്ട്രീയമാണ് ബിജെപി നടത്തുന്നതെന്നും രാജ് താക്കറെ ആരോപിക്കുന്നു.   

2014ൽ മോദിയെ പിന്തുണച്ചിരുന്നവരാണ് മഹാരാഷ്ട്ര നവനിർമാൺ സേന. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇത്തവണ മൽസരിക്കാത്ത എംഎൻഎസിന്‍റെ ലക്ഷ്യം, പിന്നാലെയെത്തുന്ന നിയമസഭാ തിരഞ്ഞെടുപ്പാണ്. ഇതിനായി പ്രതിപക്ഷസഖ്യവുമായി നീക്കുപോക്കുണ്ടാക്കിയതായാണ് സൂചന.