പാക്കിസ്ഥാനെക്കുറിച്ചല്ല; ഇന്ത്യയില്‍ എന്തുചെയ്തെന്ന് പറയൂ: രോഷത്തോടെ പ്രിയങ്ക

തിരഞ്ഞെടുപ്പു പ്രചാരണ റാലിക്കിടെ ബിജെപിക്കെതിരെ ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി. അവർ പറയുന്നത് പാക്കിസ്ഥാനെക്കുറിച്ചാണ്. ചോദ്യങ്ങൾ ചോദിക്കുന്നവരെ നിശബ്ദരാക്കുകയാണ്. ബിജെപി ദേശസ്നേഹികളാണങ്കിൽ ഇന്ത്യയിൽ നടക്കുന്നത്, ചെയ്തത് എന്താണെന്നാണ് പറയേണ്ടത്– ഫത്തേപൂർ സിക്രിയിൽ നടന്ന തിരഞ്ഞെടുപ്പു റാലിക്കിടെ പ്രിയങ്ക പറഞ്ഞു. കോൺഗ്രസ് സ്ഥാനാർത്ഥി രാജ് ബബ്ബാറിന്‍റെ പ്രചാരണത്തിന് എത്തിയതായിരുന്നു പ്രിയങ്ക ഗാന്ധി.

ഞാൻ രാജ്യത്തുടനീളം സഞ്ചരിച്ചു. യുവാക്കൾക്ക് തൊഴിലില്ല, കർഷകരുടെ കടബാധ്യത ഉയർന്നു, മോദി സര്‍ക്കാർ നടപ്പിലാക്കി എന്നവകാശപ്പെടുന്ന വികസനം എവിടെയും കാണാനില്ല. ഇതാണ് രാജ്യത്തെ ഇപ്പോഴത്തെ സാഹചര്യം. ദേശസ്നേഹികളെന്ന് അവകാശപ്പെടുന്ന ബിജെപിക്കാർ സമരം ചെയ്യാനിറങ്ങിയ കർഷകരുടെ പ്രശ്നങ്ങൾ കേട്ടില്ല. ആള്‍ക്കൂട്ട കൊലപാതകങ്ങൾക്ക് ഇരകളായവരെയോ അവരുടെ കുടുംബാംഗങ്ങളെയോ കാണാൻ തയ്യാറായില്ലെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.

രാജ്യത്തെ പാവപ്പെട്ടവരിലേക്ക് എത്തിച്ചേരാനാണ് കോൺഗ്രസ് ന്യായ് പദ്ധതി ആവിഷ്കരിച്ചത്. എന്നാൽ ബിജെപി ഭൂരിപക്ഷം ജനങ്ങളുടെയും ശബ്ദം ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്. ശബ്ദമുയർത്തുന്നവരെ ദേശദ്രോഹികളായി ചിത്രീകരിക്കുകയാണ് ബിജെപി ചെയ്യുന്നതെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.

പ്രിയങ്ക വാരാണസിയില്‍ മല്‍സരിക്കുന്ന കാര്യത്തില്‍ ആകാംക്ഷ തുടരുകയാണ്.