വാരാണസയിൽ മോദി നൽകിയ 8 വാഗ്ദാനങ്ങളും പാലിച്ചില്ല; വിമര്‍ശിച്ച് പ്രിയങ്ക

നരേന്ദ്രമോദിയെ സ്വന്തം തട്ടകമായ വാരാണസിയില്‍ വിമര്‍ശിച്ച് പ്രിയങ്ക ഗാന്ധി. രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കുകയാണ് മോദി. പ്രിയങ്കയുടെ മൂന്ന് ദിവസത്തെ ഗംഗായാത്ര വാരാണസിയില്‍ സമാപിച്ചു.  ഗംഗായാത്ര കിഴക്കന്‍ ഉത്തര്‍പ്രദേശില്‍ ചലനമുണ്ടാക്കിയിട്ടുണ്ടെന്നാണ് കോണ്‍ഗ്രസിന്‍റെ വിലയിരുത്തല്‍. 

അലഹാബാദില്‍ നിന്ന് തുടങ്ങിയ ഗംഗായാത്ര മൂന്നാം ദിവസം വാരാണസിയില്‍ അവസാനിച്ചപ്പോള്‍ പ്രിയങ്ക നയം  വ്യക്തമാക്കി. എത്ര അപമാനിച്ചാലും മോദിക്കെതിരായ പോരാട്ടം തുടരും. രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളെയെല്ലാം മോദി സര്‍ക്കാര്‍ തകര്‍ക്കുകയാണ്. രാജ്യത്ത് മാധ്യമസ്വാതന്ത്ര്യം പോലും അപകടത്തിലാണ്. ജനങ്ങളെ ഭയപ്പെടുത്തി ഭരിക്കാനുള്ള നീക്കത്തെ ചെറുത്തുതോല്‍പ്പിക്കുമെന്നും പ്രിയങ്ക പറഞ്ഞു. നീരവ് മോദിയെ രാജ്യം വിടാന്‍ സഹായിച്ച ബി.ജെ.പി, എങ്ങനെയാണ് മോദിയുടെ അറസ്റ്റിനെ ഭരണനേട്ടമായി അവകാശപ്പെടുന്നതെന്നും പ്രിയങ്ക ചോദിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വാരാണസിയിലെ ജനങ്ങള്‍ക്ക് മോദി നല്‍കിയ എട്ടു വാഗ്ദാനങ്ങളില്‍ ഒന്നുപോലും പാലിച്ചില്ലെന്നും പ്രിയങ്ക ആരോപിച്ചു. 

വാരണസിയില്‍ പാര്‍ട്ടി പ്രവര്‍ത്തകരുമായി പ്രിയങ്ക സംവദിച്ചു. ഇവിടെ കാശി വിശ്വനാഥ ക്ഷേത്രത്തിലും ദര്‍ശനം നടത്തി. പുൽവാമയിൽ കൊല്ലപ്പെട്ട സൈനികരുടെ വീടുകളും സന്ദര്‍ശിച്ചു. രാംനഗറില്‍ ലാല്‍ബഹദൂര്‍ ശാസ്ത്രിയുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാനെത്തിയ പ്രിയങ്കയ്ക്കെതിരെ മുദ്രാവാക്യങ്ങളുമായി ബി.ജെ.പി പ്രവര്‍ത്തകര്‍ രംഗത്തെത്തിയത് സംഘര്‍ഷത്തിനിടയാക്കി. പ്രിയങ്ക പങ്കെടുത്ത ചടങ്ങിനിടെ വാരാണസിയിലെ അസ്സി ഘട്ടിലും ബി.ജെ.പി – കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയിരുന്നു.