ആന്ധ്രയിൽ തിരഞ്ഞെടുപ്പ് ചൂട്; പോരാട്ടം കടുക്കും

ലോക്സഭയ്ക്കൊപ്പം നിയമസഭയിലേക്കും തിരഞ്ഞെടുപ്പ് നടക്കുന്ന ആന്ധ്രയിൽ പോരാട്ടം കടുക്കും. പ്രതിപക്ഷമായ വൈ.എസ്.ആർ കോൺഗ്രസ് പ്രചാരണത്തിൽ ഏറെ മുന്നിലെത്തി കഴിഞ്ഞു. യുവ നേതാവായ ജഗൻ മോഹൻ റെഡ്ഡിയുടെ റാലികൾക്ക് വൻ ജനാവലിയാണ് ഒഴുകിയെത്തുന്നത്.

വൈ.എസ്.രാജശേഖര റെഡ്ഡിയുടെ പാതയിൽ മകൻ ജഗൻ മോഹൻ റെഡ്ഡിയും ആന്ധ്രയുടെ ഹൃദയം കീഴടക്കുകയാണ്. ഒഴുകിയെത്തുന്ന ജനക്കൂട്ടങ്ങളിൽ യുവാക്കളാണ് ഏറെയും. കൈ കൂപ്പി, നിറചിരിയുമായി ജഗൻ നടന്നടുക്കുമ്പോൾ നാളെത്തെ മുഖ്യമന്ത്രിയെന്നാണ് ജനം ആർത്തുവിളിക്കുന്നത്.

ജനങ്ങളോട് സംവദിച്ച് കൊണ്ടുള്ള പ്രചാരണം. ആന്ധ്രയെ വഞ്ചിക്കുകയാണെന്നതടക്കം ചൂണ്ടിക്കാട്ടി, മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെതിരെ രൂക്ഷ വിമർശനം.

നിലവിൽ ഇരുപത്തിയഞ്ചിൽ എട്ട് ലോക്സഭ സീറ്റ് വൈഎസ്ആർ കോൺഗ്രസിനുണ്ട്. ബിജെപി യോടും കോൺഗ്രസിനോടും സന്ധിചെയ്യാത്ത ജഗൻ, തിരഞ്ഞെടുപ്പിന് ശേഷം നേടുന്ന സീറ്റുകൾക്കനുസരിച്ചായിരിക്കും നിലപാട് സ്വീകരിക്കുക.