ഗുജറാത്തിൽ കണ്ണും നട്ട് കോൺഗ്രസും ബിജെപിയും

2014 ലോക്സഭാതിരഞ്ഞെടുപ്പില്‍ ഒരുസീറ്റുപോലും ബാക്കിവയ്ക്കാതെയാണ് ബിജെപി ഗുജറാത്ത് കീഴടക്കിയത്. നിയമസഭാതിരഞ്ഞെടുപ്പോടെ നിലമെച്ചപ്പെടുത്തിയെങ്കിലും പഴയപ്രതാപത്തിലേക്ക് മടങ്ങാന്‍ കോൺഗ്രസിന് ഇപ്പോഴും ആയിട്ടില്ല. പ്രധാനമന്ത്രിയുടെയും ബിജെപി അധ്യക്ഷൻറയും സ്വന്തംസംസ്ഥാനത്തെ ജനവിധി ഇന്ത്യൻരാഷ്ട്രീയത്തിലെ നിർണായക ഘടകമായിരിക്കും. 

ആകെ ഇരുപത്തിയാറുസീറ്റുകളാണ് ഗുജറാത്തിലുള്ളത്. ‌2004ലും 2009ലും ബിജെപി 14, കോൺഗ്രസ് 12എന്നതായിരുന്നു കണക്ക്. പക്ഷെ, 2014ൽ യുപിഎ സർക്കാരിനെതിരായ ഭരണവിരുദ്ധവികാരവും, മോദിതരംഗവും ആഞ്ഞുവീശിയപ്പോൾ കോൺഗ്രസ് നിലംതൊട്ടില്ല, മോദി മൽസരിച്ച വഡോദരയടക്കം ഇരുപത്തിയാറും ബിജെപിനേടി. ജാതിമതസമവാക്യങ്ങൾ വിധി നിർണയിക്കുന്നതിൽ പ്രധാനപങ്കാണ് ഗുജറാത്തിന്. പട്ടേൽ സംവരണവും, ദലിത് വിഷയങ്ങളുമെല്ലാം ഇത്തവണയും ഗുജറാത്തിൽ ചർച്ചയാകും. ഒപ്പം, ബിജെപി കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വികസനപദ്ധതികളും. ഗുജറാത്തിൻറെ പുത്രനെന്ന് വിശേഷിപ്പിക്കുന്ന മോദിയിലും, അധ്യക്ഷൻ അമിത്ഷായിലുമാണ് ബിജെപി പ്രതീക്ഷവയ്ക്കുന്നത്. മറുപക്ഷത്ത് കോൺഗ്രസിനാകട്ടെ ശക്തനായനേതാവ് സംസ്ഥാനത്തില്ലെന്ന അഭാവം അലട്ടുന്നുണ്ട്. 

ബിജെപിക്കെതിരെ നിയമസഭാതിരഞ്ഞെടുപ്പിനെ നേരിടാന്‍ മൂന്ന് യുവനേതാക്കളുടെ സഹായംകോൺഗ്രസിനുലഭിച്ചിരുന്നു. ഹാർദിക് പട്ടേൽ, ജിഗ്നേഷ് മേവാനി, അൽപേഷ് ഠാക്കൂർ. ഇതില്‍ പട്ടേൽസമര നേതാവ് ഹാർദിക്പട്ടേൽ ഇത്തവണ നരേന്ദ്രമോദിക്കെതിരെ, കോൺഗ്രസ് പിന്തുണയോടെ സ്ഥാനാർഥിയാകുമെന്ന് അഭ്യൂഹമുണ്ട്. പക്ഷെ, കോൺഗ്രസ് ടിക്കറ്റിൽ എംഎൽഎയായ അൽപേഷ് ഠാക്കൂർ, ‍‌ഇപ്പോൾ ബിജെപിയുമായി നീക്കുപോക്കിനൊരുങ്ങുന്നുവെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.