പാര്‍ട്ടി സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യരുതെന്ന് കോണ്‍ഗ്രസ് നേതൃത്വം; കാരണം രസകരം

ഓരോ വോട്ടും വിലപ്പെട്ടതാണ്. കിട്ടുന്ന വോട്ടത്രയും പെട്ടിയിലാക്കാന്‍ അവസാന നിമിഷം ഓരോ സ്ഥാനാര്‍ഥിയും നടത്തിയ കഷ്ടപാട് കേരളത്തിലിവിടെ കണ്ടതുമാണ്. എന്നാല്‍ രാജസ്ഥാനില്‍ സ്വന്തം പാര്‍ട്ടി സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യരുതെന്നാണ് കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെടുന്നത്. സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച ശേഷം ഭാരത് ആദിവാസി പാര്‍ട്ടി (ബിഎപി) സ്ഥാനാര്‍ഥി രാജ്കുമാര്‍ റോട്ടിനെ പിന്തുണയ്ക്കാനുള്ള കോണ്‍ഗ്രസ് തീരുമാനമാണ് ആകെ ആശയകുഴപ്പത്തിനിടയാക്കിയത്. 

ആദിവാസി ഭൂരിപക്ഷ മണ്ഡലമായ ബന്‍സ്വാര– ദുംഗര്‍പുരിലാണ് കോണ്‍ഗ്രസിന് അമളി പറ്റിയത്. അരവിന്ദ് ദാമോറിനെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച കോണ്‍ഗ്രസ് പത്രിക സമര്‍പ്പണവും പൂര്‍ത്തിയാക്കിയിരുന്നു. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതിക്ക് തൊട്ടുമുന്‍പാണ് ഭാരത് ആദിവാസി പാര്‍ട്ടിയെ പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസ് തീരുമാനിക്കുന്നത്. പാര്‍ട്ടി തീരുമാനത്തിന് അനുസൃതമായി പത്രിക പിന്‍വലിക്കേണ്ടിയിരുന്ന ദാമോറിനെ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതിയില്‍ കാണാതാവുകയായിരുന്നു. പിന്നീട് മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയ ദാമോര്‍, സംഭവങ്ങളെ പറ്റി അറിഞ്ഞില്ലെന്നും മല്‍സര രംഗത്ത് തുടരുമെന്നും പ്രഖ്യാപിച്ചു. 

ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാതിരിക്കാനുള്ള കോണ്‍ഗ്രസ് തീരുമാനം ഇപ്പോള്‍ പാര്‍ട്ടിക്ക് തന്നെ തിരിച്ചടിയായിരിക്കുകയാണ്. ബി.ജെ.പിയും കോണ്‍ഗ്രസ് ബിഎപി സംഖ്യവും തമ്മില്‍ നേരിട്ട് മല്‍സരം നടക്കേണ്ട മണ്ഡലത്തില്‍ ദാമോര്‍ പത്രിക പിന്‍വലിക്കാത്തതോടെ ത്രികോണ മല്‍സര സ്വഭാവം വരുമെന്നും വോട്ട് ഭിന്നിക്കുമെന്നുമാണ് വിലയിരുത്തല്‍. ബി.െജപിക്കായി മഹേന്ദ്രജിത്ത് സിങ് മാളവ്യയാണ് മല്‍സരിക്കുന്നത്. 

ഇതേതുടര്‍ന്നാണ് കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം സ്വന്തം പാര്‍ട്ടി സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യരുതെന്ന ആവശ്യമാവുമായി ജനങ്ങള്‍ക്ക് മുന്നിലേക്ക് എത്തിയത്. അതേസമയം ബിഎപി– കോണ്‍ഗ്രസ് സഖ്യത്തിന് എതിര് നില്‍ക്കുന്ന നേതാക്കളുടെ പിന്തുണ തനിക്കുണ്ടെന്നാണ് ദാമോറിന്‍റെ നിലപാട്. 

പട്ടിക വര്‍ഗ വിഭാഗത്തിനായി സംവരണം ചെയ്ത മണ്ഡലമായ ബന്‍സ്വാര– ദുംഗര്‍പൂര്‍ രണ്ടാംഘട്ടത്തില്‍ വെള്ളിയാഴ്ച വോട്ടെടുപ്പ് നടക്കും. മണ്ഡലത്തിന് കീഴില്‍വരുന്ന എട്ട് നിയമസഭാ മണ്ഡലങ്ങളില്‍ നാലെണ്ണം ബി.ജെ.പിയുടേതാണ്. കോണ്‍ഗ്രസിന് മൂന്നും ബിഎപിക്ക് ഒരു എംഎല്‍എയുമുണ്ട്. 

Congress Urges Voters To Not Vote For Its Own Candidate In Rajasthan; Know The Reason