‘ജീവിച്ചിരിക്കുമ്പോഴും മരിച്ചശേഷവും കൊള്ളയടിക്കാനാണ് കോണ്‍ഗ്രസ് ശ്രമം’; കുറ്റപ്പെടുത്തലുമായി മോദി

modi-congress-reservation-2
SHARE

പാരമ്പര്യ സ്വത്തില്‍ ഒരുഭാഗം സര്‍ക്കാരിലേയ്ക്ക് എന്ന കോണ്‍ഗ്രസ് നേതാവ് സാം പിത്രോദയുടെ അഭിപ്രായം കലാശക്കൊട്ടില്‍ ആയുധമാക്കി പ്രധാനമന്ത്രി നരന്ദ്ര മോദി. ജീവിച്ചിരിക്കുമ്പോഴും മരിച്ചശേഷവും കൊള്ളയടിക്കാനാണ് കോണ്‍ഗ്രസ് ശ്രമമെന്ന് മോദി കുറ്റപ്പെടുത്തി. പിത്രോദയുടേത് വ്യക്തിപരമായ അഭിപ്രായമാണെന്ന് കോണ്‍ഗ്രസ് കൈയ്യൊഴിഞ്ഞു. തന്‍റെ വാക്കുകള്‍ വളച്ചൊടിക്കപ്പെട്ടുവെന്ന് പിത്രോദ മലക്കം മറിഞ്ഞു.

വ്യക്തികളുടെ സ്വത്തുവിവരങ്ങളുടെ കണക്കെടുപ്പ് നടത്തി പിടിച്ചെടുത്ത് വിതരണം ചെയ്യും; കോണ്‍ഗ്രസ് പ്രകടന പത്രികയുടെ പേരില്‍ പ്രധാനമന്ത്രി ഇങ്ങിനെ തുടങ്ങിവച്ച ആക്രമണം കടുപ്പിക്കുകയാണ്. വ്യക്തിയുടെ മരണാനന്തരം സ്വത്തിന്‍റെ 55 ശതമാനം സര്‍ക്കാരിലേയ്ക്കും 45 ശതമാനം അനന്തരാവകാശികളിലേയ്ക്കുമെന്ന യുഎസ് മാതൃകയെ കോണ്‍ഗ്രസ് നേതാവ് സാം പിത്രോദ ഉയര്‍ത്തിക്കാട്ടിയതാണ് മോദിക്ക് കിട്ടിയ പുതിയ ആയുധം. ഇടത്തരക്കാര്‍ക്ക് വന്‍ നികുതി ഏര്‍പ്പെടുത്തണമെന്ന് പിത്രോദ പരസ്യമായി നിലപാടെടുത്തതായി മോദി പറഞ്ഞു. മതാപിതാക്കളുടെ സ്വത്ത് മക്കള്‍ക്ക് നല്‍കാതെ പിടിച്ചെടുക്കണമെന്നാണ് കോണ്‍ഗ്രസ് ഇപ്പോള്‍ പറയുന്നതെന്നും മോദി.

ജാതി സംവരണം വെട്ടിക്കുറച്ച് മുസ്‍ലിംകള്‍ക്ക് സംവരണം നല്‍കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. സംവരണം സംരക്ഷിക്കാന്‍ ബിജെപിക്കേ കഴിയൂ. കോണ്‍ഗ്രസിന് മുസ്‍ലിംലീഗിന്‍റെ ചിന്താഗതിയാണെന്നും മോദി കുറ്റപ്പെടുത്തി. പിത്രോദയുടെ വാക്കുകളിലൂടെ കോണ്‍ഗ്രസ് തുറന്നുകാട്ടപ്പെട്ടുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രതികരിച്ചു. മോദിയുടെ വിദ്വേഷ പ്രചാരണത്തില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് അനാവശ്യ വിവാദമുണ്ടാക്കി ബിജെപി ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശ് പറഞ്ഞു.

MORE IN INDIA
SHOW MORE