കൊല്ലപ്പെട്ട ജവാന്റെ മകളെ ദത്തെടുക്കാൻ ഐഎഎസ് ഓഫിസർ; നൻമ; സല്ല്യൂട്ട്

പിന്തുണയും നന്ദിയും വാക്കുകളിൽ മാത്രമല്ല ജീവിതത്തിലും വ്യക്തമാക്കുകയാണ് ഈ ഐഎഎസ് ഓഫിസർ. പുൽവാമയിലെ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ജവാന്റെ മകളെ ദത്തെടുക്കാൻ താൽപര്യം അറിയിച്ചിരിക്കുകയാണ് ബിഹാറിലെ ഷെയ്ഖ്പുര ജില്ലാ മജിസ്ട്രേറ്റ് ഇനായത് ഖാൻ. ബിഹാറിൽ നിന്നുള്ള രണ്ടു സൈനികരാണ് ആക്രമണത്തിൽ രക്തസാക്ഷിയായത്. ഇവരുടെ മക്കളിൽ നിന്ന് ഒരു പെൺകുട്ടിയെ ദത്തെടുക്കാനാണ് ഇവരുടെ തീരുമാനം. സഞ്ജയ് കുമാർ സിൻഹ, രത്തൻ ഠാക്കൂർ എന്നിവരാണ് ആക്രമണത്തിൽ വീരമൃത്യൂ ജവാൻമാർ.

ധീരജവാൻമാരുടെ അനുസ്മരണത്തിനായി വിളിച്ചുചേർത്ത യോഗത്തിന് ശേഷമാണ് ഇനായത് ഇക്കാര്യം വ്യക്തമാക്കിയത്. പത്തൊൻപതും ഇരുപത്തിരണ്ടും വയസുള്ള രണ്ടുപെൺകുട്ടികളുടെ അച്ഛനായിരുന്നു  സഞ്ജയ്. രത്തൻ ഠാക്കൂറിന് നാലുവയസുള്ള മകനും ഭാര്യ രണ്ടാമത് ഗർഭിണിയുമാണ്. ജവാൻമാരുടെ മക്കളിൽ ഒരു പെൺകുട്ടിയുടെ വിദ്യാഭ്യാസവും വിവാഹവും ഉൾപ്പെടെയുള്ള എല്ലാകാര്യങ്ങളും ഏറ്റെടുക്കാൻ തയാറാണെന്നാണ് ഇനായത് ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്. 

ഒട്ടേറെ പേർക്ക് പ്രചോദനമാകുന്ന വാർത്ത പുറത്തുവന്നതോടെ രാജ്യത്തിന്റെ നാനഭാഗത്ത് നിന്ന് ആശംസാപ്രവാഹമാണ്. ഇത് മാതൃകയാക്കി ഇനിയും നൻമനിറഞ്ഞവർ മുന്നോട്ടുവരുമെന്നാണ് ഉയരുന്ന പ്രതീക്ഷ. ഉദ്യോഗസ്ഥയെ അനുമോദിച്ച് സോഷ്യൽ ലോകത്തും കുറിപ്പുകൾ സജീവമാണ്.