കര്‍ണാടകയില്‍ വിമതസ്വരങ്ങള്‍ കോണ്‍ഗ്രസ് ദള്‍ നേതൃത്വങ്ങള്‍ക്ക് വലിയ തലവേദന

കര്‍ണാടകയില്‍ ഏറെ ആത്മവിശ്വാസത്തോടെയാണ്  കോണ്‍ഗ്രസ് ദള്‍ സഖ്യവും, ബി.ജെ.പിയും അങ്കത്തിനിറങ്ങുന്നത്. എന്നാല്‍ സഖ്യത്തിലെ വിമതസ്വരങ്ങള്‍ കോണ്‍ഗ്രസ് ദള്‍ നേതൃത്വങ്ങള്‍ക്ക് വലിയ തലവേദന സൃഷ്ടിക്കുന്നുമുണ്ട്. അതേസമയം, ഒാപ്പറേഷന്‍ താമരയ്ക്ക് പിന്നാലെ സഖ്യം സുരക്ഷിതമല്ലെന്ന് വരുത്തിത്തീര്‍ക്കാനുള്ള നീക്കങ്ങളിലാണ് ബി.ജെ.പി.  

നിയമസഭാതിരഞ്ഞെടുപ്പിലേറ്റ തിരിച്ചടികള്‍ക്ക് മറുപടി നല്‍കി ലോക്സഭയില്‍ വിജയം നേടുകയാണ് ബി.ജെ.പിയുടെ ലക്ഷ്യം. നിലവില്‍ 15 സീറ്റുകളാണ് ബി.ജെ.പിക്കുള്ളത്, 10 സീറ്റുകള്‍ കോണ്‍ഗ്രസിനും  ദളിന് രണ്ടും. കേന്ദ്രമന്ത്രിയായിരുന്ന അനന്ദ്കുമാര്‍ മരിച്ചതിനെത്തുടര്‍ന്ന് ബെംഗളൂരു സൗത്ത് സീറ്റ് ഒഴിഞ്ഞുകിടക്കുകയുമാണ്. നവംബറില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബെല്ലാരി സീറ്റ് ബി.ജെ.പിയിക്ക് നഷ്ടമായിരുന്നു. സഖ്യമായി മത്സരിച്ച് ബി.ജെ.പിയുടെ സീറ്റ് പിടിക്കാനായത് കോണ്‍ഗ്രസിനും ദളിനും ഏറെ ആത്മവിശ്വാസം പകരുന്നുണ്ട്. എന്നാല്‍ ഒാപ്പറേഷന്‍ താമര പരാജയപ്പെട്ടതോടെ സഖ്യസര്‍ക്കാര്‍ അസ്ത്ഥിരമാണെന്ന് വരുത്തിത്തീര്‍ക്കാനാണ് ബി.ജെ.പിയുടെ ശ്രമം. 

 സീറ്റ് നിര്‍ണയം സംബന്ധിച്ചകാര്യങ്ങളില്‍ കോണ്‍ഗ്രസ് ദള്‍ സഖ്യത്തില്‍ ഇനിയും സമവായമായിട്ടില്ല.12 സീറ്റുകളെന്ന ആവശ്യത്തില്‍ ദളും, സിറ്റിംഗ് സീറ്റുകള്‍ വിട്ടുനല്‍കാനിവില്ലെന്ന നിലപാടില്‍ കോണ്‍ഗ്രസും ഉറച്ച് നില്‍ക്കുകയാണ്  ബജറ്റ് സമ്മേളനത്തിന് ശേഷമായിരിക്കും ഇതുമായ ബന്ധപ്പെട്ട് ചര്‍ച്ചകള്‍ ഏകോപനസമിതിയുടെ നേതൃത്വത്തില്‍ പുനരാരംഭിക്കുകയുള്ളു. അതേസമയം 22 സീറ്റുകളില്‍ വിജയം നോടാനാകുമെന്ന ആത്മവിശ്വാസത്തിലാണ് ബി.ജെ.പി.