ബിജെപി പ്രതിഷേധത്തിനിടെ തേനീച്ച ആക്രമണം; പിന്നിൽ കോൺഗ്രസാണെന്ന് ആരോപണം

കോൺഗ്രസ് സർക്കാരിനെതിരെ ബിജെപി നടത്തിയ പ്രതിഷേധത്തിൽ തേനീച്ച ആക്രമണം. കർണാടകയിലെ കോലാറിലാണ് സംഭവം.  ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ എംപി ഉൾപ്പെടെ ബിജെപി നേതാക്കൾക്കും പ്രവർത്തകർക്കും പരിക്കേറ്റു. കോലാറിലെ ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെയാണ് സംഭവം. ബിജെപി കർഷക മോർച്ചയുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ഇതിനെയാണ് തേനീച്ച ആക്രമണം ഉണ്ടായത്. ആക്രമണത്തെ തുടർന്ന് പ്രതിഷേധം ഉപേക്ഷിച്ച് പ്രതിഷേധക്കാർ വിവിധ ദിശകളിലേക്ക് ഓടുകയായിരുന്നു. പ്രതിഷേധത്തിനിടെ തേനീച്ചയുടെ കുത്തേറ്റ് ബിജെപി എംപി എസ് മുനിസ്വാമിക്ക് പരിക്കേറ്റു. പാർട്ടി പ്രവർത്തകർക്കും ജില്ലാ കളക്ടറുടെ ഓഫീസിൽ എത്തിയ പൊതുജനങ്ങളും ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. പ്രതിഷേധം അലങ്കോലപ്പെടുത്താൻ ഭരണ മന്ദിരത്തിന്റെ മുകളിൽ ഉണ്ടായിരുന്ന തേനീച്ചക്കൂടുകൾക്ക് നേരെ കോൺഗ്രസ് പ്രവർത്തകർ കല്ലെറിഞ്ഞെന്നാണ് ആരോപണം.