കര്‍ണാടക കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക; കൂട്ടത്തോടെ ഇടംപിടിച്ച് മക്കളും മരുമക്കളും

കര്‍ണാടകയിലെ കോണ്‍ഗ്രസിന്റെ രണ്ടാം സ്ഥാനാര്‍ഥി പട്ടികയില്‍ ഭൂരിപക്ഷവും മന്ത്രിമാരുടെ മക്കള്‍ക്കും മരുമക്കള്‍ക്കളുമടങ്ങുന്ന നേതാക്കന്‍മാരുടെ സ്വന്തക്കാര്‍. . അന്തിമ പട്ടികയില്‍ അഞ്ചുമന്ത്രിമാരുടെ മക്കളും രണ്ടു മരുമക്കളും ഇടം പിടിച്ചു. 5മണ്ഡലങ്ങളില്‍ തര്‍ക്കത്തെ തുടര്‍ന്ന് അന്തിമ തീരുമാനം കോണ്‍ഗ്രസ് അധ്യക്ഷനു വിട്ടു.

വിജയ സാധ്യത പരിഗണിച്ചു മത്സരംഗത്തിറങ്ങാന്‍ 6 മന്ത്രിമാര്‍ക്കുമേല്‍ കനത്ത സമ്മര്‍ദ്ദമുണ്ടായിരുന്നു. ഇവര്‍ വഴങ്ങാത്തതിനെ തുടര്‍ന്നാണു മക്കളും മരുമക്കളും കൂട്ടത്തോടെ പട്ടികയില്‍ ഇടംപിടിച്ചത്. ഗതാഗതമന്ത്രി രാമലിംഗ റെഡ്ഡിയുടെ മകള്‍ സൗമ്യ ബെംഗളുരു സൗത്തിലും പൊതുമരാമത്ത് വകുപ്പ്മന്ത്രി സതീഷ് ജാര്‍ക്കഹോളിയുടെ മകള്‍ പ്രിയങ്ക  ചിക്കോടിയിലും പോരിനിറങ്ങും. വനിതാ ശിശുക്ഷേമ മന്ത്രി ലക്ഷ്മി ഹെബാള്‍ക്കറുടെ മകന്‍ മൃണാള്‍ ബെല്‍ഗാമിലേക്കും കാര്‍ഷിക വിപണന മന്ത്രി ശിവാനന്ദ് പാട്ടീലിന്റെ മകള്‍ സംയുക്തയെ ബാഗോല്‍കോട്ടിലേക്കുമാണു നിര്‍ദേശിച്ചിരിക്കുന്നത്. ബീദറില്‍ വനം മന്ത്രി ഈശ്വര്‍ കദ്രെയുടെ മകന്‍ സാഗര്‍ കദ്രെയാണു സംസ്ഥാന കമ്മിറ്റിയുടെ കണ്ടെത്തല്‍.

ഇവര്‍ക്കു പുറമെ  ഗുല്‍ബര്‍ഗയിലേക്ക് കോണ്‍ഗ്രസ് അധ്യക്ഷന്റെ മരുമകന്‍ രാധാകൃഷ്ണ ദൊഡ്ഡമണിയും ദാവനഗരെയിലേക്ക് ലിംഗായത്ത് സമുദായ സംഘടനാധ്യക്ഷനും മുതിര്‍ന്ന എം.എല്‍.എയുമായ ശാമന്നൂര്‍ ശിവങ്കരപ്പയുടെ മരുമകള്‍ പ്രഭാ മല്ലികാര്‍ജുനും മത്സരിക്കും. പ്രഭയുടെ ഭര്‍ത്താവ് എസ്.എസ് മല്ലികാര്‍ജുന്‍ ഖനി,ജിയോളജി വകുപ്പ് മന്ത്രിയാണ്. കോലാര്‍, ചിത്രദുര്‍ഗ, ചിക്കബല്ലാപുര,ചാമരാജ് നഗര്‍,ബെല്ലാരി മണ്ഡലങ്ങളിലാണു തര്‍ക്കം. ഒന്നിലധികം പേര്‍ രംഗത്തുള്ളതിനാലാണ് അന്തിമ തീരുമാനം മല്ലികാര്‍ജുന ഖര്‍ഗെയ്ക്ക് വിട്ടത്. അധ്യക്ഷന്‍ ഇന്നു വൈകീട്ടോടെ തീരുമാനിച്ചു അന്തിമ പട്ടിക ഇന്നോ നാളെയോ പുറത്തിറക്കും.

Karnataka congress candidate list