ബിജെപിയുടെ അട്ടിമറിനീക്കം ലക്ഷ്യം കണ്ടില്ല; കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ 3 സ്ഥാനാര്‍ഥികളും ജയിച്ചു

Bengaluru: Former Karnataka CM Siddaramaiah and Karnataka Congress President D.K. Shivakumar during celebrations after the party's win in Karnataka Assembly elections, in Bengaluru, Saturday, May 13, 2023. (PTI Photo/Shailendra Bhojak)(PTI05_13_2023_000447B)

ബി.ജെ.പി –ജെ.ഡി.എസ് സഖ്യത്തിനു കനത്ത തിരിച്ചടിയായി കര്‍ണാടകയിലെ രാജ്യസഭാ തിരഞ്ഞെടുപ്പ് ഫലം. കോണ്‍ഗ്രസില്‍ നിന്നു കൂറുമാറ്റം പ്രതീക്ഷിച്ചു നിര്‍ത്തിയ ജെ.ഡി.എസ് സ്ഥാനാര്‍ഥി കുപേന്ദ്ര റെഡ്ഡിക്കു എന്‍.ഡി.എ സഖ്യത്തിന്റെ പോലും മുഴുവന്‍ വോട്ട് ലഭിച്ചില്ല. ബി.ജെ.പി. യശ്വന്ത് പുര്‍ എം.എല്‍.എയും മുന്‍മന്ത്രിയുമായ എസ്.ടി. സോമശേഖര്‍ കൂറുമാറി കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ അജയ് മാക്കനു വോട്ടുചെയ്തു. മറ്റൊരു മുന്‍മന്ത്രി കൂടിയായ എം.എല്‍.എ ശിവറാം ഹെബ്ബാര്‍ വിപ്പ് ലംഘിച്ചു വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നതും ബി.ജെ.പിക്കു തിരിച്ചടിയായി.

222 നിയമസഭയില്‍ ഓരോ സ്ഥാനാര്‍ഥിക്കും വിജയിക്കാന്‍ 45 വോട്ടുകളാണു വേണ്ടിയിരുന്നത്. 85 അംഗങ്ങളുള്ള എന്‍.ഡി.എ സഖ്യത്തിന്റെ ആദ്യസ്ഥാനാര്‍ഥി നാരായണ്‍ സഭണ്ഡാഗയ്ക്കു 47 വോട്ടുകള്‍ കിട്ടി. ധാരണ ലംഘിച്ചു രണ്ടുപേര്‍ കുപേന്ദ്ര റെഡ്ഡിക്കുപകരം നാരാണ്‍സ ഭണ്ഡാഗയ്ക്കു വോട്ടുചെയ്തു. അതേസമയം കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായി മത്സരിച്ച അജയ് മാക്കനും സയ്യിദ് നസീര്‍ ഹുസൈനും 47വീതവും ജി.സി ചന്ദ്രശേഖറിനു 45ഉം വോട്ടു കിട്ടി. രണ്ടു സ്വതന്ത്രരും കര്‍ണാടക സര്‍വോദയ പാര്‍ട്ടിയുടെ ദര്‍ശന്‍ പുട്ടണ്ണയയും ബല്ലാരി ഖനി വ്യവസായിയും കല്യാണ പ്രഗതി പക്ഷ പാര്‍ട്ടി നേതാവുമായ ജനനാര്‍ദ്ദന്‍ റെഡ്ഡിയും കോണ്‍ഗ്രസിന് അനുകൂലമായി വോട്ടുചെയ്തു.

Congress won 3 seats from Karnataka Rajya Sabha seat