ചെലവിന് വകയില്ല; ബംഗാളിലെ സിപിഎം ഓഫീസ് 15000 രൂപക്ക് വാടകക്ക്

പശ്ചിമബംഗാളിൽ പ്രവർത്തനത്തിന് ഫണ്ട് കണ്ടെത്താനാകാതെ സിപിഎം ഓഫീസ് വാടകക്ക് കൊടുത്തു. പൂർവ്വ ബർധമാൻ ജില്ലയിലെ ഗുസ്കാര മുനിസിപ്പാലിറ്റി ഏഴാം വാർഡിലെ ലോക്കൽ കമ്മിറ്റി ഓഫീസാണ് 15000 വാടകക്ക് കൊടുത്തത്. മൂന്ന് മുറികളും രണ്ട് മീറ്റിങ് ഹാളും ബാത്ത് റൂമും അടുക്കളയും അടങ്ങുന്ന മൂന്ന് നില കെട്ടിടമായിരുന്നു ഓഫീസ്. 

റബിൻ സെൻ ഭവൻ എന്ന് പേരിട്ട ഓഫീസ് 1999 മെയിലാണ് ഉദ്ഘാടനം ചെയ്തത്. 34 വർഷം ബംഗാൾ ഭരിച്ച സിപിഎമ്മിന് 2011ൽ അടിതെറ്റി. 2016ൽ നടന്ന തിരഞ്ഞെടുപ്പിലും മമത ബാനർജി അധികാരം നിലനിർത്തി. 

പാര്‍ട്ടി അധികാരത്തിലുണ്ടായിരുന്നപ്പോള്‍ ഏറ്റവും ശക്തമായ സ്വാധീനമുള്ള ജില്ലകളിലൊന്നായിരുന്നു ബര്‍ധമാന്‍. ഇപ്പോള്‍ പൂര്‍വ ബര്‍ധമാന്‍ ജില്ലയില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് 15 എംഎല്‍എമാരാണ് ഉള്ളത്. സിപിഐഎമ്മിന് ഒരു എംഎല്‍എ മാത്രം. പാര്‍ട്ടി ഓഫീസ് വാടകയ്ക്ക് കൊടുക്കാനുള്ള തീരുമാനം ഏകകണ്ഠമായിരുന്നുവെന്ന് ഘോഷ് അറിയിച്ചു. 18 കൊല്ലം മുമ്പ് 422 അംഗം കമ്മിറ്റിയാണ് പാര്‍ട്ടി ഓഫീസ് പണിയാനുള്ള ഫണ്ട് സമാഹരിച്ചത്.

ഓഫീസ് നിലനിര്‍ത്തിക്കൊണ്ടുപോവുകയെന്നത് ഞങ്ങളെ സംബന്ധിച്ച് ബുദ്ധിമുട്ടേറിയ കാര്യമാണ്. വൈദ്യുതി ബില്ല് അടക്കണം, മുഴുവന്‍ സമയ പ്രവര്‍ത്തകര്‍ക്ക് അലവന്‍സ് കൊടുക്കണം എന്നിങ്ങനെയുള്ള ചെലവുകളുണ്ട്. അത് കുറച്ചുകൊണ്ടുവാരാന്‍ ഓഫീസ് കൈവിടുന്നതിലൂടെ കഴിയും. വാടകയായി കിട്ടുന്ന പൈസ പാര്‍ട്ടി പ്രവര്‍ത്തനത്തിന് ഉപയോഗിക്കാനും കഴിയുമെന്ന് ഘോഷ് പറഞ്ഞു. ലോക്കല്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനം ഗുസ്‌കാര മേഖലാ കമ്മിറ്റി കേന്ദ്രീകരിച്ചായിരിക്കും ഇനി നടക്കുക.

സ്വപന്‍ പാല്‍ എന്നയാളാണ് ഓഫീസ് വാടകയ്ക്ക് എടുത്തത്. കോച്ചിങ് സെന്റായിരിക്കും ഇനി ഈ കെട്ടിടം. ഇതിന് മുന്നോടിയായി ഓഫീസിലുണ്ടായിരുന്ന ലെനിന്റെയും സ്റ്റാലിന്റെയും ചിത്രങ്ങള്‍ മാറ്റി.