മോദിയുമായി 43 വർഷത്തെ സൗഹൃദം; ചായ വിറ്റത് കണ്ടിട്ടില്ല; തട്ടിപ്പ്: തൊഗാഡിയ

പൊതുതിരഞ്ഞെടുപ്പിലേക്ക് രാജ്യം ചുവട് വയ്ക്കുമ്പോൾ ബിജെപിയും കോൺഗ്രസും തികഞ്ഞ കണക്കുകൂട്ടലുകളിലാണ്. എന്നാൽ പാർട്ടിയിലും സഖ്യകക്ഷികളും ഉയർത്തുന്ന പ്രശ്നങ്ങൾ തലവേദനയാവുകയാണ് ഇരുകൂട്ടർക്കും. ഇപ്പോഴിതാ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് വിശ്വ ഹിന്ദു പരിഷത്ത് അന്താരാഷ്ട്ര വര്‍ക്കിംഗ് പ്രസിഡന്‍റും ഉറ്റ സുഹൃത്തുമായിരുന്ന  പ്രവീൺ തൊഗാഡിയ.  

മോദിയുമായി തനിക്ക് 43വർഷത്തെ സൗഹൃദമുണ്ട്. എന്നാൽ അദ്ദേഹം ചായ വില്‍ക്കുന്നത് ഇതുവരെ കണ്ടിട്ടില്ലെന്നും ചായ വില്‍പ്പനക്കാരനെന്ന ഇമേജ് സഹതാപം പിടിച്ചുപറ്റാനായി മോദി ഉപയോഗിക്കുകയാണെന്നും തൊഗാഡിയ പറയുന്നു.  ഇനി അഞ്ചുവർഷം കൂടി കിട്ടിയാലും ബിജെപി രാമക്ഷേത്രം പണിയില്ലെന്നും. ബിജെപിക്കും ആര്‍എസ്എസിനും നിലനില്‍പ്പിനുള്ള അഭിവാജ്യഘടകമാണ് രാമക്ഷേത്രമെന്നും അദ്ദേഹം പറഞ്ഞു. ആര്‍എസ്എസും ബിജെപിയും 125 കോടി ജനങ്ങളെ ഇരുട്ടില്‍ നിര്‍ത്തുകയാണ്. ഫെബ്രുവരി ഒന്‍പതിന് ഹിന്ദുക്കളുടെ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്നും പാര്‍ലമെന്‍റ്  വിജയം നേടിയാല്‍ തൊട്ടടുത്ത ദിവസം ക്ഷേത്രത്തിന്‍റെ പണിയാരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.