വേറിട്ട ചിത്രപ്രദര്‍ശനം ഒരുക്കി ഡൽഹി മലയാളി

രാജാരവിവര്‍മയുടെ ചിത്രങ്ങളെ പാശ്ചാത്യരചനകളുമായി` കോര്‍ത്തിണക്കി ഡല്‍ഹിയില്‍ മലയാളിയുടെ ചിത്രപ്രദര്‍ശനം. ശകുന്തളയും, ദ്രൗപതിയുമടക്കമുള്ള രവിവര്‍മ ചിത്രങ്ങളിലെ സ്ത്രീകഥാപാത്രങ്ങള്‍ റോയ് തോമസിന്റെ വരകളിലൂടെ പുനര്‍ജനിക്കുന്നു. നിയര്‍ ദി കോണ്‍ഫ്ലുവന്‍സ് എന്ന് പേരിട്ടിരിക്കുന്ന പ്രദര്‍ശനം അടുത്തമാസം പത്തിന് സമാപിക്കും. 

ഇതിഹാസ ചിത്രകാരന്‍മാരായ വിന്‍സെന്റ് വാന്‍ഗോഗ്, പോള്‍ ഗോഗിന്‍, എഡ്വേഡ് മാനെ തുടങ്ങിയവരുടെ വിഖ്യാത സൃഷ്ടികളുടെ പശ്ചാത്തലത്തില്‍ രാജാരവിവര്‍മയുടെ കഥാപാത്രങ്ങളെ അവതരിപ്പിച്ചാണ് പ്രദര്‍ശനം. കോട്ടയം പാലാ സ്വദേശിയും കാല്‍നൂറ്റണ്ടായി ഡല്‍ഹിയില്‍ ചിത്രകലാ അധ്യാപകനുമായ റോയ് തോമസാണ് വ്യത്യസ്തമായ ചിത്രങ്ങള്‍ക്കു പിന്നില്‍.

പൂര്‍ണമായും എണ്ണച്ചായത്തിലാണ് ചിത്രരചന. ഏതാണ്ട് ഒരേ കാലഘട്ടത്തില്‍ വരയ്ക്കപ്പെട്ട രവിവര്‍മ ചിത്രങ്ങള്‍ക്കും പാശ്ചാത്യ ചിത്രങ്ങള്‍ക്കുമിടയിലെ സാമ്യമാണ് വേറിട്ട കലാസൃഷ്ട്ടിയൊരുക്കാന്‍ റോയ് തോമസിനെ പ്രേരിപ്പിച്ചത്. രണ്ടുവര്‍ഷത്തിനിടയിലാണ് ചിത്രങ്ങളെല്ലാം പൂര്‍ത്തിയാക്കിയത്.

ഇന്ത്യക്ക് അകത്തും പുറത്തും ഒട്ടേറെ പ്രദര്‍ശനം നടത്തിയിട്ടുള്ള റോയ് തോമസിന്റെ പതിനൊന്നാമത്തെ ഡല്‍ഹി ഗ്രേറ്റര്‍ കൈലാഷ് ആരുഷി ആര്‍ട്ട് ഗാലറിയിലാണ് പ്രദര്‍ശനം.