മൊബൈല്‍ ടവറുകളുടെ എണ്ണം മൂന്നിരട്ടിയാക്കും; 5ജി സ്പെക്ട്രം ലേലം അടുത്തവര്‍ഷം

മൊബൈല്‍ ടവറുകളും സ്പെക്ട്രവും വര്‍ധിപ്പിക്കാതെ കോള്‍മുറിയല്‍ പരിഹരിക്കാനാകില്ലെന്ന് കേന്ദ്ര ടെലികോം സെക്രട്ടറി അരുണ സുന്ദര്‍രാജന്‍. 5ജി വന്നാലും അടിസ്ഥാനസൗകര്യവികസനം മികച്ചതല്ലെങ്കില്‍ ഗുണമുണ്ടാകില്ല. മൊബൈല്‍ ടവറുകളില്‍നിന്നുള്ള റേഡിയേഷന്‍ മനുഷ്യരുടെ ആരോഗ്യത്തിനു ദോഷകരമാണെന്ന് ആഗോളതലത്തില്‍ ഒരുപഠനത്തിലും തെളിയിക്കപ്പെട്ടിട്ടില്ലെന്നും അരുണ സുന്ദര്‍രാജന്‍ ഡല്‍ഹിയില്‍ മനോരമ ന്യൂസിനോട് പറഞ്ഞു. 

ഇന്ത്യയില്‍ ഇന്‍റര്‍നെറ്റ് ഡേറ്റ ഉപയോഗത്തില്‍ രണ്ടായിരംമുതല്‍ മൂവായിരം ശതമാനം വളര്‍ച്ചയുണ്ടായി. എന്നാല്‍ അടിസ്ഥാനസൗകര്യം കൂടിയിട്ടില്ല. ഇതു വര്‍ധിപ്പിക്കാതെ 5ജി വന്നാലും കാര്യമില്ല. 2022ഓടെ മൊബൈല്‍ ടവറുകളുടെ എണ്ണം മൂന്നിരട്ടിയാക്കുകയാണ് ലക്ഷ്യമെന്നും ടെലികോം സെക്രട്ടറി അരുണ സുന്ദര്‍രാജന്‍ പറ‍ഞ്ഞു. 

മൊബൈല്‍ ടവറുകളുടെ കാര്യത്തില്‍ ജനങ്ങള്‍ക്കുള്ള ആശങ്ക പരിഹരിക്കാന്‍ ശ്രമം തുടരുകയാണ്. മൊബൈല്‍ ടവറുകളുകളെക്കുറിച്ചുള്ള വ്യാജസന്ദേശങ്ങളും ആശങ്ക പരത്തുന്നുണ്ട്. 5ജി സ്പെക്ട്രം ലേലം അടുത്തവര്‍ഷം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. 5ജിക്കായി ട്രായ് ശുപാര്‍ശകള്‍ നല്‍കിയിട്ടുണ്ട്. മൊബൈല്‍ സേവനദാതാക്കളും തയാറെടുപ്പുകള്‍ തുടങ്ങിയിട്ടുണ്ടെന്നും അരുണ സുന്ദര്‍രാജന്‍ വ്യക്തമാക്കി.