ഇഷയും ആനന്ദും ഇനി 452 കോടിയുടെ ബംഗ്ലാവിലേയ്ക്ക്; കടൽക്കാറ്റിന്റെ കൊട്ടാരം ഇതാ!

720 കോടിയോളം ചെലവിട്ടാണ് ഇന്ത്യ കണ്ട ഏറ്റവും വലിയ വിവാഹ മാമാങ്കത്തിന് കൊടിയിറങ്ങുന്നത്. ആഡംബരത്തിന്റെ അങ്ങേയറ്റത്തിൽ നിരവധി പ്രമുഖ വ്യക്തിത്വങ്ങളുടെ സാന്നിധ്യത്തിൽ ദക്ഷിണ മുംബൈ പെഡ്ഡർ റോഡിൽ മുകേഷിന്റെ അത്യാഡംബര വസതിയായ ആന്റിലിയയിൽ നടന്ന ചടങ്ങും ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റി. വിവാഹ വിശേഷങ്ങൾ ഒന്നൊന്നായി പുറത്തു വരുന്നതേ ഉളളു.

ലോകത്തിലെ ഏറ്റവും വിലയേറിയ സ്വകാര്യവസതിയായ ‘ആന്റിലിയ’യിൽ നിന്നു മുകേഷ് അംബാനിയുടെ മകൾ ഇഷ പോകുന്നതു കൂറ്റൻ ബംഗ്ലാവ് ‘ഗുലിറ്റ’യിലേക്ക്. ഇഷയുടെ ഭർത്താവ് ആനന്ദ് പിരമലിനായി അദ്ദേഹത്തിന്റെ കുടുംബം 2012 ൽ 452 കോടി മുടക്കി വാങ്ങിയതാണിത്. വിവാഹത്തിനു മുന്നോടിയായി വീണ്ടും കോടികൾ മുടക്കി ‘ഗുലിറ്റ’ മോടി പിടിപ്പിച്ചു. 

5 നിലകളിൽ 50,000 ചതുരശ്ര അടി വലുപ്പമുള്ള ബംഗ്ലാവിൽ ഒരുക്കിയിട്ടുള്ളത് അത്യാധുനിക സൗകര്യങ്ങൾ. ‘ആന്റിലിയ’യിൽ നിന്നു നാലര കിലോമീറ്റർ അകലെ വർളി സീഫെയ്സ് മേഖലയിൽ കടലിന് അഭിമുഖമായാണു ‘ഗുലിറ്റ’. ചില്ലു ജാലകങ്ങൾ തുറന്നാൽ കടൽക്കാറ്റേൽക്കാം. അകലെ ബാന്ദ്ര-വർളി കടൽപ്പാലം കാണാം.

അടുക്കള, ഭക്ഷണമുറി, ഓഫിസ് മുറി, പഠനമുറി, വീട്ടുജോലിക്കാരുടെ മുറികൾ എന്നിവയാണ് ആദ്യത്തെ മൂന്നു നിലകളിൽ. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഒത്തുചേരാനുള്ള ഹാളാണു നാലാം നില. അഞ്ചാം നിലയിലാണു കിടപ്പുമുറികൾ. 20 കാറുകൾ വീട്ടുപരിസരത്തു പാർക്ക് ചെയ്യാം.

ഹിന്ദുസ്ഥാൻ യൂണിലീവർ കമ്പനിയിൽ നിന്നാണു പിരമൽ കുടുംബം ഇൗ കെട്ടിടം വാങ്ങിയത്. 27 നിലകളാണ് ഇഷയുടെ വീടായ ആന്റിലിയയ്ക്കുള്ളത്. ബുധനാഴ്ച മുകേഷ് അംബാനിയുടെ വസതിയിൽ നടന്ന വിവാഹത്തിനും വിരുന്നിനും ശേഷമാണ് നവദമ്പതികൾ പുതിയ വസതിയിലേക്കെത്തിയത്.

തുടർന്ന് പിരമൽ കുടുംബം നടത്തിയ വിരുന്നിൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി, മുതിർന്ന ബിജെപി നേതാവ് രാജീവ് പ്രതാപ് റൂഡി, രത്തൻ ടാറ്റ, സുനിൽ ഗാവസ്കർ, കപിൽദേവ് തുടങ്ങി ഒട്ടേറെ പ്രമുഖർ പങ്കെടുത്തു.