ദുബായിലെ ഏറ്റവും വിലയേറിയ വില്ല സ്വന്തമാക്കി മുകേഷ് അംബാനി..!

ദുബായിലെ ഏറ്റവും വിലയേറിയ വില്ല സ്വന്തമാക്കി ഇന്ത്യന്‍ വ്യവസായപ്രമുഖനും റിലയന്‍സ് ഇന്‍ഡസ്ട്രീസ് എംഡിയുമായ മുകേഷ് അംബാനി. പാം ജുമൈറയിലുള്ള വില്ല 60 കോടി ദിര്‍ഹത്തിനാണ് (ഏതാണ്ട് 1349.60 കോടി രൂപ) സ്വന്തമാക്കിയതെന്നാണ് റിപ്പോര്‍ട്ട്.  കുവൈത്ത് സമ്പന്ന കുടുംബത്തില്‍ നിന്നാണ് മുകേഷ് ഈ വില്ല വാങ്ങിയിരിക്കുന്നത്. 

കുവൈത്തി ധനികനായ മുഹമ്മദ് അല്‍ഷായയുടെ കുടുംബത്തില്‍ നിന്ന് കഴിഞ്ഞ ആഴ്ചയാണ് മുകേഷ് അംബാനി ആഡംബര വസതി വാങ്ങിയത്. ഈ വര്‍ഷം ഇളയ മകന്‍ ആനന്ദിന് വേണ്ടി 80 മില്യണ്‍ ഡോളര്‍ മുടക്കി പാം ജുമൈറയില്‍ തന്നെ ഒരു ബംഗ്ലാവ് വാങ്ങിയിരുന്നു മുകേഷ്. പത്ത് ബെഡ്‌റൂമുകളും പ്രൈവറ്റ് ബീച്ചും അടക്കമുള്ള സൗകര്യങ്ങളാണ് ഈ വസതിയിലുണ്ടായിരുന്നത്.

പാം ജുമൈറയിലെ റെക്കോര്‍ഡ് തുകയ്ക്കുള്ള വില്‍പനയായിരുന്നു ഇത്. ഈ റെക്കോര്‍ഡാണ് കഴിഞ്ഞ ആഴ്ച മറ്റൊരു വില്ല കൂടി വാങ്ങി മുകേഷ് തന്നെ തകര്‍ത്തിരിക്കുന്നത്. യു.എസിലും യു.കെയിലും ഉൾപ്പെടെ ലോകമെമ്പാടും പലയിടത്തും അംബാനി കുടുംബം സ്വത്തുക്കൾ സ്വന്തമാക്കുന്നുണ്ട്​. മുംബൈയിലെ ആൻറിലയിലെ 27 നില കെട്ടിടമാണ്​ കുടുംബത്തിന്‍റെ ഇന്ത്യയിലെ വസതി.